നവീന്റെ കാറില് പ്രത്യേക കല്ലുകളും ചിത്രങ്ങളും;ബ്ലാക്ക് മാജിക് സ്ഥിരീകരിക്കാന് കൂടുതല് തെളിവുകള്

അരുണാചല് പ്രദേശിലേക്കുള്ള യാത്രയ്ക്കും മറ്റുമായി ആര്യയുടെ ആഭരണം വിറ്റാണ് പണം കണ്ടെത്തിയത്

dot image

തിരുവനന്തപുരം: അരുണാചല് പ്രദേശിലെ മലയാളികളുടെ മരണത്തില് ബ്ലാക്ക് മാജിക് സ്ഥിരീകരിക്കാന് കൂടുതല് തെളിവുകള് പുറത്ത്. മരിച്ച നവീന്റെ കാറില് നിന്ന് പ്രത്യേക കല്ലുകളും ചിത്രങ്ങളും കണ്ടെത്തി. ആര്യക്ക് വന്ന മെയിലുകളില് ചിലതില് പ്രത്യേകതരം കല്ലുകളെക്കുറിച്ച് പറഞ്ഞിരുന്നു. ഈ കല്ലുകളാണ് കാറില് നിന്ന് കണ്ടെത്തിയതെന്നാണ് കരുതുന്നത്.

ഡോണ്ബോസ്കോ എന്ന് പേരില് നിന്നും ആര്യയ്ക്ക് വന്ന ഇമെയിലിലാണ് കല്ലുകളെ കുറിച്ച് പ്രതിപാദിച്ചിരുന്നത്. അരുണാചല് പ്രദേശിലേക്കുള്ള യാത്രയ്ക്കും മറ്റുമായി ആര്യയുടെ ആഭരണം വിറ്റാണ് പണം കണ്ടെത്തിയതെന്നതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഏപ്രില് രണ്ടിനാണ് നവീന്, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരെ അരുണാചല് പ്രദേശിലെ ഹോട്ടല് മുറിയില് മരിച്ച നിലയില് കണ്ടെത്തിയത്. ഇതുവരെ ദുരൂഹത ചുരുളഴിയാത്ത കേസില് അന്ധവിശ്വാസം മൂലം പുനര്ജന്മത്തില് വിശ്വസിച്ച് ഇവര് ജീവനൊടുക്കിയതെന്ന സൂചനകള് നല്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് യോഗം ചേരുന്നുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് യോഗം ചേരുക. അന്വേഷണ പുരോഗതി ഉള്പ്പടെ യോഗം വിലയിരുത്തും.

മാര്ച്ച് 28-നാണ് മൂവരും ഹോട്ടലില് മുറിയെടുത്തതെന്ന് എസ്പി പറഞ്ഞു. മാര്ച്ച് 31 വരെ മൂവരെയും ഹോട്ടല് ജീവനക്കാര് പുറത്ത് കണ്ടിരുന്നു. മുറിയില് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ല. സംശായസ്പദമായി ഒന്നും കണ്ടെത്താനായില്ല. നവീന് ഒപ്പിട്ടതെന്ന് കരുതുന്ന ഒരുകത്തു ലഭിച്ചു. ഞങ്ങള് സന്തോഷത്തിലാണെന്നും എവിടെയായിരുന്നോ അവിടേക്ക് പോവുകയാണെന്നുമാണ് കത്തിലുണ്ടായിരുന്നത്. ചില ഫോണ്നമ്പറുകളും കത്തിലുണ്ടായിരുന്നു. കത്തിലുണ്ടായിരുന്ന നമ്പറില്നിന്ന് ദേവിയുടെ പിതാവിനെയാണ് പൊലീസ് ആദ്യം ബന്ധപ്പെട്ടത്.

നവീന് ദേവിയുമായും ആര്യയുമായും ഇമെയില് വഴി ആശയവിനിമയം നടത്തിയിരുന്നത് രഹസ്യഭാഷയിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. 2021 മുതലുള്ള ഇമെയിലുകളാണ് പൊലീസ് പരിശോധിച്ചത്. ഒരു പ്രത്യേക സ്ഥലത്തെത്തി ജീവിതം അവസാനിപ്പിച്ചാല് മറ്റൊരു ഗ്രഹത്തില് പുനര്ജന്മം ലഭിക്കുമെന്ന് ദമ്പതിമാരും സുഹൃത്തും വിശ്വസിച്ചിരുന്നു. ഇതിനായിരിക്കാം ഇവര് അരുണാചലിലെ സീറോ തിരഞ്ഞെടുത്തതെന്നാണ് പൊലീസിന്റെ അനുമാനം.

മരണത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചായിരുന്നു നവീനും ദേവിയും ആര്യയും ചര്ച്ച ചെയ്തിരുന്നത്. മറ്റൊരു ഗ്രഹത്തില് എത്തിയാല് ഭൂമിയിലേതിനേക്കാള് മികച്ച ജീവിതം സാധ്യമാകുമെന്നും മനുഷ്യരേക്കാള് പതിന്മടങ്ങ് ബുദ്ധിശക്തിയുണ്ടാകുമെന്നുമാണ് ഇവര് വിശ്വസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ആസൂത്രിതമായിരുന്നു ഇവരുടെ നീക്കങ്ങള്. മുറിയെടുക്കാന് മറ്റുള്ളവരുടെ രേഖകള് നല്കാതിരുന്നതും ഇതാണ് സൂചിപ്പിക്കുന്നത്.

ഡോണ് ബോസ്കോ എന്ന പേരിലുള്ള വ്യാജ ഇമെയില് ഐഡിയില് നിന്ന് ആര്യയ്ക്ക് മൂന്ന് വര്ഷം മുമ്പ് ലഭിച്ച ഒരു ഇമെയില് സന്ദേശം അന്വേഷണത്തില് നിര്ണായകമായിട്ടുണ്ട്. അന്യഗ്രഹ ജീവിതത്തെ കുറിച്ചാണ് ഈ മെയിലില് പറഞ്ഞിരുന്നത്. ഈ മെയില് ആര്യ മറ്റ് ചിലര്ക്ക് ഫോര്വേഡ് ചെയ്തിട്ടുണ്ട്. ആര്യയുടെ മരണവാര്ത്ത അറിഞ്ഞതിന് പിന്നാലെ ഈ സന്ദേശം ലഭിച്ച ചില സുഹൃത്തുക്കള് വിവരം പൊലീസിന് കൈമാറുകയായിരുന്നു. വ്യാജ മെയില് ഐഡിയുടെ ഉറവിടം കണ്ടെത്താനുള്ള പൊലീസ് ശ്രമം തുടരുകയാണ്.

dot image
To advertise here,contact us
dot image