തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണസംഘം. മരണത്തിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ഡോൺബോസ്കോ നവീൻ തന്നെയാണോ എന്ന സംശയത്തിന് ഇന്ന് ഉത്തരം ലഭിക്കും. നവീനിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. നവീന്റെ കൂടുതൽ സുഹൃത്തുക്കൾ മൊഴിനൽകി. നവീൻ നിരവധിപേരെ സ്വാധീനിക്കാൻ ശ്രമിച്ചതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.
ആര്യക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെ കുറിച്ച് വിവരങ്ങൾ അയച്ചത് നവീൻ ആണെന്നാണ് നിലനിൽക്കുന്ന സംശയം. കാര്യങ്ങളിൽ കൂടുതൽ വിശ്വാസം നൽകാൻ ഡോൺ ബോസ്കോ എന്ന വ്യാജ ഇമെയിൽ വഴി സന്ദേശം അയച്ചതാണോ എന്നും സംശയമുണ്ട്. നവീന്റെ ലാപ് ടോപിന്റെ ഫോറെൻസിക് പരിശോധന ഫലം ഇന്ന് ലഭിക്കും. ഇതോടെ ഡോൺ ബോസ്കോ നവീൻ തന്നെയാണോ എന്ന് ഉറപ്പിക്കാൻ കഴിയും.
നിലവിൽ ബാഹ്യ ഇടപെടലിന് തെളിവ് ലഭിച്ചിട്ടില്ല, മുഖ്യസൂത്രധാരൻ നവീൻ തന്നെയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കൂടുതൽ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും. മരണത്തിനായി അരുണാചൽ പ്രദേശ് തിരഞ്ഞെടുത്തത് വിശ്വാസത്തിന്റെ ഭാഗമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അന്യഗ്രഹജീവിതം സാധ്യമാകുമെന്ന വിശ്വാസത്താൽ ഉയർന്ന പ്രദേശം തിരഞ്ഞെടുത്തതാകാം. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഉന്നതതല യോഗം ചേർന്നു.