തിരുവനന്തപുരം: പാനൂർ ബോംബ് നിർമ്മാണക്കേസ് അട്ടിമറിക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കലാപത്തിന് പാർട്ടി ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേസ് കേരള പൊലീസ് അട്ടിമറിക്കാൻ ശ്രമിക്കുമെന്നുറപ്പാണ്. കേസ് എൻഐഎ അന്വേഷിക്കണം. സിപിഐഎം പരാജയ ഭീതി കാരണമാണ് ബോംബ് നിർമ്മിച്ചത്. കേസിന്റെ നടപടിക്രമങ്ങൾ ഒച്ചിന്റെ വേഗതയിലാണ് മുന്നോട്ട് പോകുന്നത്.
പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കും. പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരായത് കൊണ്ടാണ് പ്രാദേശിക നേതാക്കൾ മരണവീട്ടിൽ പോയത്. കേരള പൊലീസ് അന്വേഷിച്ചാൽ കേസ് തീരില്ല. ഏതെല്ലാം പാർട്ടി ഗ്രാമങ്ങളിലാണ് ബോംബ് നിർമ്മിക്കുന്നതെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട ചെന്നിത്തല കേരള പൊലീസ് അന്വേഷിച്ചാൽ തെളിവുണ്ടാകില്ലെന്നും ആരോപിച്ചു.
ദി കേരള സ്റ്റോറി സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന സിനിമയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിനിമ യഥാർത്ഥ സ്റ്റോറിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ റദ്ദാക്കും. വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ കേന്ദ്ര സർക്കാരും പിണറായി സർക്കാരും ശ്രമിക്കുകയാണ്. കരുവന്നൂരിൽ സിപിഐഎമ്മിൻ്റ മുഖം പുറത്തു വന്നു. കോടിക്കണക്കിന് രൂപ വ്യാജ അക്കൗണ്ടിൽ നിക്ഷേപിച്ച് തിരഞ്ഞെടുപ്പിനായി ഉപയോഗിക്കാൻ മുന്നോട്ടു വന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യം അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.