വിഷുവായിട്ടും സാധനങ്ങളെത്തിയിട്ടില്ല; വില വർധിപ്പിച്ചിട്ടും 'രക്ഷപ്പെടാതെ' സപ്ലൈകോ

എട്ടു സാധനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, പലയിടത്തും അഞ്ച് ഉത്പന്നങ്ങളെ ഉള്ളൂ. പഞ്ചസാര, തുവരപ്പരിപ്പ് എന്നിവ ഔട്ട്ലെറ്റുകളിൽ ഇനിയും എത്തിയിട്ടില്ല.

dot image

തിരുവനന്തപുരം: വിഷു അടുത്തിട്ടും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ആവശ്യത്തിന് സാധനങ്ങളെത്തിയിട്ടില്ല. സബ്സിഡി ഉത്പന്നങ്ങളുടെ വില വര്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടും വിതരണക്കാർ വഴങ്ങാത്തതാണ് പ്രശ്നം. 13 സബ്സിഡി ഉത്പന്നങ്ങൾ ഉള്ളതിൽ അഞ്ചോ ആറോ എണ്ണം മാത്രമാണ് നിലവിൽ ലഭിക്കുമെന്നുറപ്പുള്ളത്.

സബ്സിഡി ഇനത്തിൽ നാലെണ്ണം അരിയാണ്. കുറുവ അരി കിട്ടാനില്ലാത്ത അവസ്ഥയാണ്. ജയയും മട്ടയും ലഭിക്കുന്നുണ്ട്. കെ-അരി സപ്ലൈകോ വിൽപ്പനശാലകളിൽ സുലഭമാണ്. കിലോഗ്രാമിന് 28 രൂപ നിരക്കിൽ അഞ്ചു കിലോഗ്രാമാണ് ഇങ്ങനെ വിതരണം ചെയ്യുന്നത്.

വൻകടല, വൻപയർ, ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയാണ് മറ്റുള്ള സബ്സിഡി സാധനങ്ങൾ. എട്ടു സാധനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, പലയിടത്തും അഞ്ച് ഉത്പന്നങ്ങളെ ഉള്ളൂ. പഞ്ചസാര, തുവരപ്പരിപ്പ് എന്നിവ ഔട്ട്ലെറ്റുകളിൽ ഇനിയും എത്തിയിട്ടില്ല. ഈയാഴ്ച തന്നെ എല്ലാ ഉത്പന്നങ്ങളും എത്തുമെന്ന് ഭക്ഷ്യവകുപ്പ് പറയുന്നു.

മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് സാധനങ്ങളെത്തേണ്ടത്. വിൽപ്പനക്കാർ ടെൻഡറിൽ വിലകൂട്ടിയതിനാൽ വിതരണക്കരാർ നൽകാനായില്ല. തുടർന്ന് റീ-ടെൻഡർ നടന്നു. അതനുസരിച്ചുള്ള സാധനങ്ങൾ ഈയാഴ്ച എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഭക്ഷ്യവകുപ്പ് പറയുന്നു. പഞ്ചസാര എത്താൻ വൈകുമെങ്കിലും തുവരപ്പരിപ്പ് തിങ്കളാഴ്ച എത്തുമെന്നാണ് വിവരം.

dot image
To advertise here,contact us
dot image