കൊച്ചി: കരിവന്നൂർ കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജുവിൻ്റെ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസിൻ്റെയും ചോദ്യം ചെയ്യൽ അവസാനിച്ചു. വീണ്ടും ഹാജരാകാൻ ഇ ഡി ഇരുവർക്കും നിർദ്ദേശം നൽകി. എം എം വർഗീസ് വ്യാഴാഴ്ച ഇ ഡിക്ക് മുന്നിൽ ഹാജരാകണം. ഏപ്രിൽ 22ന് ഹാജരാകാനാണ് പി കെ ബിജുവിന് നൽകിയിരിക്കുന്ന നിർദ്ദേശം. പാർട്ടിയുടെ സ്വത്ത് വിവരം ഹാജരാക്കാനും നിർദ്ദേശമുണ്ട്.
തൃശ്ശൂരില് സിപിഐഎമ്മിനുള്ള സ്വത്ത് വിവരങ്ങള് ആദായ നികുതി വകുപ്പിന് മുമ്പാകെ മറച്ചുവെച്ചെന്ന് നേരത്തെ ഇഡി ആരോപിച്ചിരുന്നു. തൃശ്ശൂർ ജില്ലയില് മാത്രമായി പാര്ട്ടിക്ക് ആകെ 101 സ്ഥാവര ജംഗമ വസ്തുക്കളുണ്ടെന്നാണ് ഇഡിയുടെ കണക്ക്. എന്നാല് ആദായ നികുതി വകുപ്പിന് നല്കിയ കണക്കില് ഒരു കെട്ടിടം മാത്രമാണ് ഉള്ളതെന്നും ഇഡി വ്യക്തമാക്കി. സിപിഐഎം തൃശ്ശൂര് ജില്ലാ സെക്രട്ടറിയില് നിന്നും ഇഡി ഇതുസംബന്ധിച്ച കണക്കുകള് നേരത്തെ ആരാഞ്ഞിരുന്നു.
ഏഴ് വസ്തുക്കള് വിറ്റെന്നും ഒരു കെട്ടിടം മാത്രമാണ് ഉള്ളതെന്നുമാണ് ഇഡിക്ക് നല്കിയ കണക്കില് ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിട്ടുള്ളത്. ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി സ്വത്തു വിവരം ആരാഞ്ഞത്. പ്രാദേശികമായി പാര്ട്ടി ഓഫീസ് നിര്മിക്കുന്നതിന് നടത്തിയ പണപ്പിരിവിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ല. ഇതില് ദുരൂഹതയുണ്ടെന്നും ഇഡി ആരോപിച്ചിരുന്നു.