കേരളാ സ്റ്റോറി പ്രദര്ശനം വിവാദമാക്കേണ്ട; രാഷ്ട്രീയ ഉദ്ദേശമില്ലെന്ന് സിറോ മലബാര് സഭ

'പക്വതയുള്ള കുട്ടികളെ ഏത് സിനിമ കാണിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സഭയ്ക്കുണ്ട്'

dot image

കോട്ടയം: കേരളാ സ്റ്റോറി വിവാദം അവസാനിപ്പിക്കണമെന്ന് സിറോ മലബാര് സഭ. വിഷയം വിവാദമാക്കാന് ആരൊക്കെയോ ആഗ്രഹിച്ചുവെന്നും അതാണിവിടെ നടക്കുന്നതെന്നും സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. ഒരു ചേരിതിരിവും സഭ ആഗ്രഹിക്കുന്നില്ല. സഭയ്ക്ക് രാഷ്ട്രീയ ഉദ്ദേശ്യമില്ല. പക്വതയുള്ള കുട്ടികളെ ഏത് സിനിമ കാണിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സഭയ്ക്കുണ്ട്. അതാണ് കേരളത്തില് നടക്കുന്നത്. സഭയെ സംഘപരിവാറിൻ്റെ തൊഴുത്തില് കെട്ടാന് ആരും നോക്കേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടുക്കി രൂപതക്ക് കീഴിലുള്ള പള്ളികളില് കേരള സ്റ്റോറി പ്രദര്ശിപ്പിച്ചത് കൂടുതല് വിവാദമായിരുന്നു. പ്രദര്ശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു. കേരള സ്റ്റോറി രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയുള്ള സിനിമയാണെന്നും ഒരു നാടിനെ മുഴുവന് അപകീര്ത്തിപ്പെടുത്താനുള്ള ശ്രമമാണ് ബിജെപിക്കുള്ളതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കേരള സ്റ്റോറി പ്രദര്ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭക്കുണ്ടെന്ന അഭിപ്രായവുമായി ചാണ്ടി ഉമ്മന് എംഎല്എ, തുഷാര് വെള്ളാപ്പള്ളി എന്നിവര് സഭയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്, ചിത്രം പ്രദര്ശിപ്പിച്ചതില് രൂക്ഷ വിമര്ശനമാണ് യാക്കോഭായ സഭ നിരണം ഭദ്രസാനാഥിപന് ഗീവര്ഗീസ് മാര് കൂറിലോസ് ഉന്നയിച്ചത്. സഭകള് പ്രദര്ശിപ്പിക്കേണ്ടത് സ്നേഹത്തിന്റെ കഥകളാണെന്നും വിദ്വേഷത്തിന്റെ കഥകളല്ലെന്നും അദ്ദേഹം ഫേസ്ബുക്കില് കുറിച്ചിരുന്നു. നിരവധി പേര് അദ്ദേഹത്തിന്റെ പ്രതികരണത്തിന് പിന്തുണയുമായി എത്തിയിരുന്നു. വിവേകത്തിന്റെയും ആര്ജ്ജവത്തിന്റെയും ശബ്ദത്തിന് കേരളീയ പൊതുസമൂഹത്തിന്റെ നന്ദിയെന്നാണ് ഗീവര്ഗീസ് മാര് കൂറിലോസിന്റെ പ്രതികരത്തിന് വി ടി ബല്റാമിന്റെ മറുപടി. പ്രദര്ശന വിവാദം പുകയുന്നതിനിടെ തലശ്ശേരി, താമരശ്ശേരി രൂപതയും തങ്ങള്ക്കു കീഴിലുള്ള പള്ളികള്ക്ക് കീഴില് ചിത്രം പ്രദര്ശിപ്പിക്കാനൊരുങ്ങുകയാണ്.

താമരശ്ശേരി രൂപതയുടെ കെസിവൈഎം യൂണിറ്റുകളില് ചിത്രം പ്രദര്ശിപ്പിക്കാനാണ് തീരുമാനം. സിനിമ കാണണമെന്ന് സിറോ മലബാര് സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതല് വിവാദ ചിത്രം പ്രദര്ശിപ്പിക്കും. തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശ്ശേരി കെസിവൈഎം ആരോപിച്ചു. 300 ക്രിസ്ത്യന് പെണ്കുട്ടികള് മതംമാറ്റത്തിന് ഇരയായി. സംഘടിത നീക്കം നടക്കുന്നു. കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദര്ശിപ്പിപ്പിക്കാന് ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡന്റ് റിച്ചാര്ഡ് ജോണ് പ്രതികരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us