തിരുവനന്തപുരം: കേരള സ്റ്റോറി വിഷയത്തിലെ ചര്ച്ചകള് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ചര്ച്ച നല്ലതിനല്ല. കേരള സ്റ്റോറി സിനിമ ഒരു ചൂണ്ടയാണ്. മതസമൂഹങ്ങള് തമ്മില് തര്ക്കമുണ്ടാക്കാനുള്ള ചൂണ്ടയാണത്. ആ ചൂണ്ടയില് കയറി കൊത്തരുത്. ഭിന്നിപ്പുണ്ടാക്കുകയാണ് സംഘപരിവാര് ലൈന്. സംഘപരിവാര് ഒരുക്കി വെച്ചിരിക്കുന്ന കെണിയാണിത്. ആ കെണിയില് ആരും വീഴാതിരിക്കുക. മതേതര കേരളം ഒരുമിച്ച് നില്ക്കണം. വിദ്വേഷവും ഭിന്നതയും ഉണ്ടാക്കരുത് എന്നാണ് യുഡിഎഫിന്റെ അഭിപ്രായമെന്നും വി ഡി സതീശൻ പറഞ്ഞു.
ക്ഷേമ പെന്ഷന് ഔദാര്യമെന്നാണ് സര്ക്കാര് പറയുന്നത്. കിട്ടുമ്പോള് തരും എന്ന് സര്ക്കാര് പറയുന്നു. പാവപ്പെട്ടവരെ സര്ക്കാര് പരിഹസിക്കുകയാണെന്നും സതീശന് പറഞ്ഞു. മതന്യൂനപക്ഷങ്ങളോട് നിലപാട് എന്തെന്ന് കോണ്ഗ്രസ് മാനിഫെസ്റ്റോയില് കൃത്യമായി പറയുന്നുണ്ട്.
രാഹുല്ഗാന്ധി പരസ്യമായി പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പൗരത്വ ഭേദഗതി നിയമത്തില് യാതൊരു ആത്മാര്ത്ഥതയുമില്ല. ആത്മാര്ത്ഥത ഉണ്ടെങ്കില് അഞ്ച് കൊല്ലം മുമ്പുള്ള കേസ് പിന്വലിക്കട്ടെ. 2019ലെ 835 കേസില് എത്ര എണ്ണം പിന്വലിച്ചു. ബിജെപിയെ സന്തോഷിപ്പിക്കാന് വേണ്ടിയാണ് മുഖ്യമന്ത്രി കേസ് പിന്വലിക്കാത്തതെന്നും സതീശന് ആരോപിച്ചു.