തൃശൂര്: കേരളത്തില് ലൗ ജിഹാദുണ്ടെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്. തന്റെ പല സുഹൃത്തുക്കളുടെ മക്കള്ക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പത്മജ പ്രതികരിച്ചു. വിവാദ ചിത്രം ദ കേരള സ്റ്റോറിയുടെ പ്രദര്ശനവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി.
'ലൗ ജിഹാദ് ഉണ്ട്, പറയുന്ന അത്രയും ഭീകരമായിട്ടില്ല. എന്റെ സുഹൃത്തുക്കളുടെ മക്കള്ക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അവര് എന്റെയടുത്ത് വന്ന് സങ്കടം പറഞ്ഞ് കരഞ്ഞിട്ടുണ്ട്. ഇത് മനഃപ്പൂര്വ്വമാണോ എന്നറിയില്ല. പല അച്ഛനമ്മമാരും വന്ന് എന്നോട് പറഞ്ഞത് ലൗ ജിഹാദുണ്ടെന്നാണ്. അത് സംബന്ധിച്ച് അന്വേഷണം നടത്തണം', പത്മജ പറഞ്ഞു.
ഇടുക്കി, താമരശ്ശേരി രൂപതകളുടെ കേരള സ്റ്റോറി പ്രദര്ശിപ്പിക്കാനുള്ള തീരുമാനത്തില്, ക്രിസ്ത്യന് സമുദായത്തില് പലരും ബിജെപിയോട് അടുത്തുകൊണ്ടിരിക്കുകയാണെന്നതിന് ഉദാഹരണമാണ് ഇതെന്നായിരുന്നു പത്മജയുടെ മറുപടി. ന്യൂനപക്ഷത്തിനുള്ള തെറ്റിദ്ധാരണ ഒരു പരിധിവരെ മാറ്റാന് ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ തലമുറ പലതും പഠിക്കണം. അതിന് ഈ സിനിമ പ്രസക്തമാണ്. തെറ്റ് ഏതാണ് ശരിയേതാണെന്ന് മനസിലാക്കാന് ഈ ഒരു സന്ദേശം കുട്ടികള്ക്ക് നല്കുന്നത് നല്ലതാണെന്നും പത്മജ വേണുഗോപാല് കൂട്ടിച്ചേര്ത്തു.
കോണ്ഗ്രസില് നിന്ന് ഇനിയും ബിജെപിയിലേക്ക് നേതാക്കളെത്തുമെന്നും അവര് ആവര്ത്തിച്ചു. താന് ബിജെപിയിലേക്ക് പോകാന് തീരുമാനിച്ചത് ഒരു രാത്രിയാണ്. തലേ ദിവസം വരെ കോണ്ഗ്രസിന് വേണ്ടി പ്രവര്ത്തിച്ചിരുന്നു. ഒരു രാത്രി മതി കാര്യങ്ങള് മാറി മറിയാന്. ഇനിയും ബിജെപിയിലേക്ക് ആളുകള് വരും എന്നുറപ്പുണ്ട്.
ന്യൂനപക്ഷങ്ങള് ബിജെപിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. വടക്കേ ഇന്ത്യയിലൊക്കെ ഏറ്റവും കൂടുതല് മുസ്ലിം സ്ത്രീകളാണ് മോദിയെ സ്നേഹിക്കുന്നത്. കേരളത്തിന് എന്തുപറ്റിയെന്നാണ് അവര് ചോദിക്കുന്നത്. നിങ്ങളോട് മോദി എന്ത് തെറ്റ് ചെയ്തുവെന്നാണ് ചോദിച്ചത്. ആരാണ് ഉപകാരം ചെയ്യുന്നത് അവര്ക്കൊപ്പം ജനങ്ങള് നില്ക്കുമെന്നും പത്മജ വേണുഗോപാല് പ്രതികരിച്ചു.
'കേരള സ്റ്റോറി' പ്രദര്ശിപ്പിക്കാന് താമരശ്ശേരി രൂപതയും; ബോധവത്കരണത്തിന് സിനിമ കാണണമെന്ന് കെസിവൈഎം