കൊച്ചി: കിഫ്ബിയിലെ ഫെമാ നിയമലംഘനത്തിൽ കോടതിയുടെ വിധിയെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് തോമസ് ഐസക്ക്. കോടതി ജനാധിപത്യത്തിൻറെ പവിത്രത ഉയർത്തിപ്പിടിച്ചിരിക്കുന്നുവെന്നും ഐസക്ക് പ്രതികരിച്ചു. ഇതിനെ അട്ടിമറിക്കാനാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇഡി ശ്രമിച്ചത്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സമൻസ് പാടില്ലെന്ന് കോടതി പറഞ്ഞതും ഐസക്ക് ചൂണ്ടിക്കാണിച്ചു. ഹർജി വിശദമായ വാദത്തിനുവേണ്ടി 22-ാം തീയതിയിലേക്ക് മാറ്റിവച്ചിരിക്കുകയാണെന്നും ഐസക്ക് വ്യക്തമാക്കി. ഇഡി സീൽ ചെയ്ത ഒരു കവർ കോടതിയിൽ ഏൽപ്പിച്ചിട്ടുണ്ട്. ഫണ്ട് വിനിയോഗം സംബന്ധിച്ച വിശദീകരണം ആയിരിക്കും അതിലെന്നും ഐസക്ക് ചൂണ്ടിക്കാണിച്ചു.
കിഫ്ബിയിലെ ഫെമ നിയമലംഘന കേസിൽ തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നു. ചോദ്യം ചെയ്യണമെങ്കിൽ തിരഞ്ഞെടുപ്പ് കഴിയട്ടെയെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. തോമസ് ഐസക്ക് ലോക്സഭാ തിരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥിയാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇഡിക്ക് വിശാലമായി അന്വേഷിക്കാമെന്നുമായിരുന്നു കോടതി നിലപാട്. തോമസ് ഐസക്കിൻ്റെ സൗകര്യം അറിയിക്കട്ടെയെന്ന നിലപാടാണ് ഇഡി കോടതിയിൽ സ്വീകരിച്ചത്. ഇഡിക്ക് മുന്നില് ഹാജരാകാന് ബാധ്യതയില്ലെന്നാണ് തോമസ് ഐസക്കിന്റെ വാദമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ചില ഇടപാടുകള്ക്ക് വിശദീകരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യല് ഈ ഘട്ടത്തില് ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
ജസ്റ്റിസ് ടി ആര് രവി അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്. ഏപ്രില് രണ്ടിന് ഹാജരാകണമെന്ന് കാണിച്ചു നല്കിയ സമന്സാണ് കിഫ്ബിയും തോമസ് ഐസക്കും ചോദ്യം ചെയ്തത്. ആവശ്യപ്പെട്ട രേഖകളുടെ പകര്പ്പ് കൈമാറിയെന്നാണ് കിഫ്ബിയുടെ വിശദീകരണം. മന്ത്രിയായിരുന്നത് മൂന്ന് വര്ഷം മുന്പാണെന്നും കിഫ്ബിയുടെ തീരുമാനങ്ങളെ കുറിച്ച് കൂടുതല് ഒന്നും പറയാനില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. ഫെമ നിയമലംഘനത്തില് അന്വേഷണം നടത്താന് ഇഡിക്ക് അധികാരമില്ലെന്നും ഹര്ജിയിൽ പറഞ്ഞിരുന്നു. കിഫ്ബി നല്കിയ രേഖകളില് നിന്ന് ചില കാര്യങ്ങളില് വ്യക്തത വന്നിട്ടുണ്ടെന്നും തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമായിരുന്നു ഇഡിയുടെ നിലപാട്.