പത്തനംതിട്ട: തന്നെ പത്തനംതിട്ടയിൽ തോൽപ്പിക്കാൻ പല ശ്രമങ്ങളും യുഡിഎഫ് നടത്തുന്നുണ്ടെന്ന് അനിൽ ആന്റണി. അനിൽ ആന്റണിക്കെതിരെ ദല്ലാൾ നന്ദകുമാർ ഉയർത്തിയ ആരോപണം പി ജെ കുര്യൻ സ്ഥിരീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അനിൽ ആൻ്റണി. തന്നെ തോൽപ്പിക്കാനുള്ള എല്ലാം ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ഒടുവിൽ ക്രിമിനൽ ആയ നന്ദകുമാറിനെ ഇറക്കിയെന്ന് അനില് ആന്റണി ആരോപിച്ചു.
സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് നന്ദകുമാർ.12 വർഷം മുൻപ് നന്ദകുമാറിനെ കണ്ടിട്ടുണ്ട്. നന്ദകുമാറിനെ പരിചയപ്പെടുത്തിയത് പി ജെ കുര്യനാണ്. കുര്യന്റെ ആളാണ് എന്ന് പറഞ്ഞാണ് വന്നതും പരിചയപ്പെട്ടതും. നടക്കാത്ത കാര്യങ്ങൾ പറഞ്ഞാണ് നന്ദകുമാർ വന്നത്. കുര്യന്റെ പ്രമാദമായ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാറാണ്. പി ജെ കുര്യൻ രാഷ്ട്രീയ കുതികാൽ വെട്ടുന്ന ആളാണ്. കരുണാകരനെയും ആന്റണിയെയും ഉമ്മൻചാണ്ടിയെയും ചതിച്ച ആളാണ് പി ജെ കുര്യൻ.
ആന്റോ ആന്റണിയും കുടുംബവും സഹകരണ ബാങ്കിൽ നിന്ന് പണം തട്ടിയിട്ടുണ്ട്. ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ ഗുരു പി ജെ കുര്യനും ചേർന്നാണ് നന്ദകുമാറിനെ ഇറക്കിയത്. 2013ന് ശേഷം നന്ദകുമാറിനെ കണ്ടിട്ടില്ലെന്നും പി ജെ കുര്യൻ കള്ളം പറയുന്നുവെന്നും അനിൽ ആന്റണി വാദിച്ചു. അതേസമയം ആന്റോ ആന്റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ തന്റെ കൈയിൽ തെളിവില്ലെന്നും തെളിവ് ലഭിച്ചാലുടൻ വരാമെന്നും അനിൽ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
'അനിൽ ആന്റണി പണം വാങ്ങിയ സംഭവത്തിൽ ഇടപെട്ടിരുന്നു'; നന്ദകുമാറിന്റെ ആരോപണം ശരിവെച്ച് പി ജെ കുര്യൻ