പാനൂരിൽ സിപിഐഎം പ്രതിരോധം പൊളിയുന്നു; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ റിമാൻഡ് റിപ്പോർട്ട്?

സ്ഫോടനക്കേസിലെ മുഖ്യ ആസൂത്രകനായ ഡിവൈഎഫ്ഐ നേതാവ് ഷിജാൽ പിടിയിലായതോടെ സനോജിന്റെ 'ഓടിക്കൂടിയവർ' എന്ന വാദം ദുർബലമായിരുന്നു

dot image

കണ്ണൂര്: പാനൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിമാൻഡ് റിപ്പോർട്ട് സിപിഐഎമ്മിന് തിരിച്ചടിയാവുന്നു. പാർട്ടി പ്രവർത്തകർക്കോ ഡിവൈഎഫ്ഐ പ്രവർത്തകർക്കോ ബോംബ് സ്ഫോടനവുമായി ബന്ധമില്ലെന്ന് സിപിഐമ്മും ഡിവൈഎഫ്ഐയും ആവർത്തിക്കുമ്പോഴാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ബോംബ് നിർമ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുന്നത്. ഡിവൈഎഫ്ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലാണ് മുഖ്യ ആസൂത്രകനെന്നും പൊലീസ് കണ്ടെത്തിയിരിക്കുന്നു. നിലവിൽ കേസിൽ പ്രതി ചേർത്ത മുഴുവൻ പേർക്കും ബോംബ് നിർമ്മാണവുമായി ബന്ധമുണ്ട്. ബോംബ് സ്ഫോടനം നടന്നിടത്ത് മണലിട്ട് തെളിവ് നശിപ്പിക്കാൻ ഡിവൈഎഫ്ഐ ഭാരവാഹികളടക്കം ശ്രമിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകൻ അമൽ ബാബുവാണ് ബാക്കി വന്ന ബോംബ് ഒളിപ്പിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതോടെ സിപിഐഎമ്മിന്റെ എല്ലാ പ്രതിരോധങ്ങളും പൊളിയുകയാണ്.

സന്നദ്ധ പ്രവർത്തകരായ ഡിവൈഎഫ്ഐ നേതാക്കളെയാണ് കേസിൽ പ്രതികളാക്കിയതെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിശദീകരണം പൊലീസ് ശരിവെക്കുന്നില്ല. സ്ഫോടനത്തിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങളാണ്, ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കിയവരാണ് എന്നിങ്ങനെയുള്ള വാദങ്ങൾ പാർട്ടിയിൽ നിന്ന് ഉയർന്നെങ്കിലും സ്ഫോടനക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികൾ ഡിവൈഎഫ്ഐ നേതാക്കളായതോടെ സ്ഫോടനത്തിൽ ഡിവൈഎഫ്ഐയ്ക്ക് പങ്കില്ലെന്നും നേതാക്കൾ സംഭവം അറിഞ്ഞ് അവിടെ ഓടിയെത്തിയവരാണെന്നുമായിരുന്നു സംഘടന സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ വിശദീകരണം. എന്നാൽ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നതോടെ ഈ വാദങ്ങളും അപ്രസക്തമായി.

സ്ഫോടനക്കേസിലെ മുഖ്യ ആസൂത്രകനായ ഡിവൈഎഫ്ഐ നേതാവ് ഷിജാൽ പിടിയിലായതോടെ സനോജിന്റെ 'ഓടിക്കൂടിയവർ' എന്ന വാദം ദുർബലമായിരുന്നു. ഡിവൈഎഫ്ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് ഷിജാൽ. പാലക്കാട് നിന്നാണ് ഷിജാലിനെ പൊലീസ് പിടി കൂടിയത്. മറ്റൊരു പ്രതി അക്ഷയും പിടിയിലായിട്ടുണ്ട്.

പാനൂര് കൈവേലിക്കല് മുളിയാത്തോട് ഏപ്രിൽ 5ന് പുലർച്ചെ ഒരു മണിയോടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. നിര്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില് നിന്ന് ബോംബ് നിര്മിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാളുടെ ഇരുകൈപ്പത്തികളും അറ്റുപോവുകയും ചെയ്തിരുന്നു. ഷെറിന് ആണ് മരിച്ചത്. അപകടത്തില് സിപിഐഎം ലോക്കല് കമ്മിറ്റി അംഗത്തിന്റ മകന് കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയി. എന്നാൽ മകന് പാർട്ടിയുമായോ ബഹുജന സംഘടനയുമായോ ബന്ധമില്ലെന്നായിരുന്നു വിനീഷിന്റെ പിതാവ് നാണു പ്രതികരിച്ചത്. കുടുംബവും പാർട്ടിയും പലതവണ ഉപദേശിച്ചിട്ടും വിനീഷ് വഴങ്ങിയില്ലെന്നും തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് എതിരാളികൾ കുപ്രചരണം നടത്തുകയാണെന്നും നാണു പറഞ്ഞിരുന്നു.

രണ്ടാഴ്ച മുൻപ് കുന്നോത്ത്പറമ്പ് മേഖലയിൽ നടന്ന ആർഎസ്എസ് - സിപിഐഎം സംഘർഷത്തിൻ്റെ ഭാഗമായുള്ള പ്രത്യാക്രമണത്തിനായാണ് ബോംബ് നിർമ്മിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഷിജാലും പരിക്കേറ്റ് ചികിത്സയിലുള്ള വിനീഷും ബോംബുണ്ടാക്കാൻ നേതൃത്വം നൽകിയെന്നും മറ്റ് അറസ്റ്റിലായ പ്രതികൾ പങ്കാളിത്തം വഹിച്ചെന്നുമാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുള്ള ബോംബുകൾ പ്രതികൾ നിർമ്മിച്ചതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സ്ഫോടനത്തിൽ വിരലുകൾ സിപിഐഎമ്മിന് നേരെ നീളുന്നതിനിടെ മരിച്ച ഷെറിന്റെ വീട് പാർട്ടി നേതാക്കൾ സന്ദർശിച്ചതും വിവാദമായിരുന്നു. നാട്ടിലെ മരണവീട്ടിൽ സിപിഐഎം പ്രവർത്തകർ പോകുന്നത് സ്വാഭാവികമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഇതിനിടെ തിരഞ്ഞെടുപ്പ് എത്തിനിൽക്കെ പ്രധാന പ്രചാരണായുധമായി പാനൂർ സ്ഫോടനം. ബോംബ് നിർമ്മാണം തങ്ങളെ ലക്ഷ്യം വച്ചാണെന്ന് അവകാശപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കേരളത്തിലെത്തിയ ബിജെപി നേതാക്കളുടെ പ്രധാന ആയുധങ്ങളിലൊന്ന് പാനൂർ സ്ഫോടനമാകുന്നതാണ് പിന്നീട് കണ്ടത്. കേസ് എൻഐഎയ്ക്ക് കൈമാറണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യം.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കണ്ണൂർ, വടകര മണ്ഡലങ്ങളിൽ മേൽക്കൈ പ്രവചിച്ചിരുന്ന സിപിഐഎമ്മിന് പാനൂർ സംഭവം വലിയ തിരിച്ചടിയാവുകയാണ്. ടി പി ചന്ദ്രശേഖരൻ വധം ആവർത്തിച്ച് പറഞ്ഞും ഓർമ്മിപ്പിച്ചുമാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ, കെ കെ ശൈലജയ്ക്കെതിരെ മത്സരം കടുപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ടിപി വധം വടകരയിൽ സിപിഐഎമ്മിന് തിരിച്ചടിയായിരുന്നു. പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് പറയുമ്പോഴും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചാണ് ബോംബ് നിർമ്മാണമെന്ന് പുറത്തുവരുന്നതോടെ ടി പി ചന്ദ്രശേഖരൻ വധമടക്കം ഉന്നയിച്ച് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്ന സ്ഥാനാർത്ഥികൾക്ക് പാർട്ടിയുടേത് ഉന്മൂലന സിദ്ധാന്തമാണെന്ന് ആവർത്തിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us