കൊച്ചി: തന്റെ മുന്നിൽ ഇരുന്നാണ് പി ജെ കുര്യൻ അനിൽ ആൻ്റണിയെ വിളിച്ചതെന്നും അദ്ദേഹത്തിന് വാർദ്ധക്യം കാരണമുള്ള ഓർമക്കുറവായിരിക്കുമെന്നും ദല്ലാൾ നന്ദകുമാർ. കർണാടകയിലെ അന്നത്തെ ആഭ്യന്തരമന്ത്രി ജോർജിൽ നിന്ന് പണം കിട്ടാനുണ്ട്, കിട്ടിയാൽ സെറ്റിലാക്കാം എന്ന് അനിൽ പറഞ്ഞു. സെറ്റിൽമെൻ്റ് നടന്നില്ല. പിന്നെ പി ടി തോമസ് ഇടപെട്ടു. സെറ്റിൽമെൻ്റ് നടന്നു, തന്റെ പണം കിട്ടി. പി ജെ കുര്യനോട് താൻ തുക പറഞ്ഞു. എന്നാൽ കാര്യം എന്താണെന്ന് പറഞ്ഞില്ല. തന്റെ കയ്യിൽ നിന്ന് അനിൽ 25 ലക്ഷം രൂപ വാങ്ങി, അത് തിരികെ വാങ്ങി തരണമെന്ന് പി ജെ കുര്യനോട് ആവശ്യപ്പെട്ടുവെന്നും നന്ദകുമാർ പറഞ്ഞു.
ആൻ്റോ ആൻ്റണിയെയും ഐസക്കിനെയും ഒന്നും തനിക്കറിയില്ല. ബിജെപിയുടെ മറ്റൊരു ടെറർ സ്ഥാനാർഥി തന്റെ കയ്യിൽ നിന്ന് ഭൂമിയുടെ പേരിൽ 10 ലക്ഷം വാങ്ങിയെന്നും നന്ദകുമാർ പറഞ്ഞു. താൻ ഒരു പാർട്ടിക്കും വേണ്ടി ക്വട്ടേഷൻ എടുത്തിട്ടില്ല. അനിൽ ആൻ്റണി നിഷേധിക്കട്ടെ. തന്റെ കോൾ ഉൾപ്പെടെ ബ്ലോക്ക് ചെയ്തു. പ്രതിരോധ ഫയലുകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകി. ഇതൊന്നും വെറും ആരോപണമല്ലെന്നും അദ്ദേഹം പറഞ്ഞു.
ദല്ലാള് നന്ദകുമാറിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അനില് ആന്റണി പ്രതികരിച്ചിരുന്നു. മണ്ഡലത്തില് വികസനം ചര്ച്ച ചെയ്യാതിരിക്കാനാണ് ആരോപണം ഉന്നയിക്കുന്നത്. കേന്ദ്രത്തില് യുപിഎ സര്ക്കാര് കാലത്ത് സിബിഐ സ്റ്റാന്ഡിങ് കൗണ്സില് നിയമനത്തിന് അനില് ആന്റണി തന്റെ കയ്യില് നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ദല്ലാള് നന്ദകുമാറിന്റെ ആരോപണം. ഒന്നാം യുപിഎ സര്ക്കാരിന്റെ അവസാന കാലത്തും രണ്ടാം യുപിഎ കാലത്തും ഡല്ഹിയിലെ അറിയപ്പെടുന്ന ബ്രോക്കര് ആയിരുന്നു അനില് ആന്റണിയെന്നും നന്ദകുമാര് ആരോപിച്ചിരുന്നു.
അതേസമയം, അനിൽ ആന്റണിക്കെതിരെ ദല്ലാൾ നന്ദകുമാർ ഉയർത്തിയ ആരോപണം പി ജെ കുര്യൻ സ്ഥിരീകരിച്ചിരുന്നു. അനിൽ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നന്ദകുമാർ തന്നെ വന്നു കണ്ടിരുന്നുവെന്ന് പി ജെ കുര്യൻ പറഞ്ഞു. പണം തിരികെ ലഭിക്കാൻ വേണ്ടി നന്ദകുമാറിനായി ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ആന്റണിയോടാണോ അനിൽ ആന്റണിയോടാണോ എന്ന് ഓർമ്മയില്ല. സിബിഐ കാര്യമോ നിയമന കാര്യമോ തനിക്ക് അറിയില്ല. എത്ര രൂപ ആണെന്നും പറഞ്ഞതായി ഓർമ്മയില്ല. എന്തിനെന്ന് ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
'എല്ലാം എന്നെ തോൽപ്പിക്കാൻ';നന്ദകുമാറിനെ പി ജെ കുര്യനും ആന്റോ ആന്റണിയും ഇറക്കിയതെന്ന് അനിൽ ആന്റണി