കോഴിക്കോട്: നാദാപുരം മുടവന്തേരിയില്‍ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടര്‍ന്ന് ജീപ്പ് കത്തി നശിച്ച സംഭവത്തില്‍ 16 പേര്‍ക്കെതിരെ കേസെടുത്തു. സ്ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്നാണ് കേസ്. നാദാപുരം പൊലീസാണ് കേസെടുത്തത്.
ഇന്ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കുമ്പോള്‍ തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീഴുകയായിരുന്നു. ജീപ്പില്‍ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിച്ചാണ് ജീപ്പ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം സ്ഫോടനം നടന്നത് യുഡിഎഫിന് സ്വാധീനമുള്ള മേഖലയിലാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. സ്ഫോടനം നടന്ന ആവടിമുക്ക് യുഡിഎഫിന് സ്വാധീമുള്ള മേഖലയാണെന്നാണ് ആരോപണം. സ്ഫോടം നടക്കുന്നതിന് തൊട്ടുമുമ്പ് നാദാപുരം പെരിങ്ങത്തൂര്‍ എയര്‍പോര്‍ട്ട് റോഡിലെ ആവടിമുക്ക് റോഡില്‍ വാഹനങ്ങള്‍ തടസ്സപ്പെടുത്തി പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതായും എല്‍ഡിഎഫ് ആരോപിക്കുന്നു.