'അനിൽ ആന്റണി പണം വാങ്ങിയ സംഭവത്തിൽ ഇടപെട്ടിരുന്നു'; നന്ദകുമാറിന്റെ ആരോപണം ശരിവെച്ച് പി ജെ കുര്യൻ

പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ആന്റണിയോടാണോ അനിൽ ആന്റണിയോടാണോ എന്ന് ഓർമ്മയില്ലെന്ന് പി ജെ കുര്യൻ

dot image

പത്തനംതിട്ട: അനിൽ ആന്റണിക്കെതിരെ ദല്ലാൾ നന്ദകുമാർ ഉയർത്തിയ ആരോപണം സ്ഥിരീകരിച്ച് പി ജെ കുര്യൻ. അനിൽ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നന്ദകുമാർ തന്നെ വന്നു കണ്ടിരുന്നുവെന്ന് പി ജെ കുര്യൻ പറഞ്ഞു. പണം തിരികെ ലഭിക്കാൻ വേണ്ടി നന്ദകുമാറിനായി ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ആന്റണിയോടാണോ അനിൽ ആന്റണിയോടാണോ എന്ന് ഓർമ്മയില്ല. സിബിഐ കാര്യമോ നിയമന കാര്യമോ തനിക്ക് അറിയില്ല. എത്ര രൂപ ആണെന്നും പറഞ്ഞതായി ഓർമ്മയില്ല. എന്തിനെന്ന് ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രായമായ മാതാപിതാക്കളെ ഒഴിവാക്കുന്നതുപോലെയാണ് അനിൽ ആന്റണി കോൺഗ്രസിനെ ഒഴിവാക്കി ബിജെപിയിൽ പോയത്. അനിൽ ആന്റണി ബിജെപി വിട്ട് വന്നാൽ കോൺഗ്രസിൽ എടുക്കണം എന്നാണ് തന്റെ അഭിപ്രായം. നന്ദകുമാറുമായി തനിക്ക് പരിചയമുണ്ട്. കോൺഗ്രസിന്റെ മോശം കാലത്താണ് അനിൽ ആൻ്റണി കോൺഗ്രസ് പാർട്ടി വിട്ടത്. ഇന്ഡ്യ മുന്നണി ജയിക്കുമ്പോൾ അനിൽ ആന്റണി കോൺഗ്രസിലേക്ക് തിരിച്ചുവരും. അതാണ് അനിൽ ആൻ്റണിയുടെ സ്വഭാവം. എ കെ ആന്റണിയെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്നും ആന്റണി അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്നും പി ജെ കുര്യൻ പറഞ്ഞു.

ഒന്നാം യുപിഎ സർക്കാരിന്റെ അവസാന കാലത്തും രണ്ടാം യുപിഎ കാലത്തും ഡൽഹിയിലെ അറിയപ്പെടുന്ന ബ്രോക്കർ ആയിരുന്നു അനിൽ ആന്റണിയെന്നും സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് തന്റെ കയ്യിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നും ദല്ലാൾ നന്ദകുമാർ ആരോപിച്ചിരുന്നു. നിയമനം ലഭിച്ചില്ല, പണം തിരിച്ചു തന്നില്ല. പി ടി തോമസ് ഇടപെട്ടാണ് പണം നൽകിയത്. അനിൽ ആന്റണി നിഷേധിച്ചാൽ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പിതാവിനെ വെച്ച് വില പേശി പണം വാങ്ങിയ ആളാണ് അനിൽ ആന്റണി. അനിൽ അംബാനിയുടേതിന് സമാനമായ ഒപ്പാണ് വിസിറ്റേഴ്സിന്റെ ബുക്കിൽ അനിൽ ആന്റണി ഇട്ടത്. പി ജെ കുര്യനും ഉമ തോമസിനും ഇക്കാര്യങ്ങൾ അറിയാം. ചില ഡിഫൻസ് നോട്ടുകൾ പുറത്ത് പോയി. ഇത് പിടിക്കപ്പെടാതിരിക്കാനാണ് അനിൽ ബിജെപിയിൽ ചേർന്നത്. താൻ പറഞ്ഞ കാര്യം ആന്റണിയെ അറിയിച്ചു എന്നാണ് പി ജെ കുര്യൻ പറഞ്ഞതെന്നതടക്കമുള്ള ആരോപണങ്ങളാണ് നന്ദകുമാർ ഉയര്ത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us