മതേതര സർക്കാരിനെ തിരഞ്ഞെടുക്കാനാകണം വോട്ട് ചെയ്യേണ്ടതെന്ന് പാളയം ഇമാം; കേരള സ്റ്റോറിക്ക് വിമർശനം

മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തി പകരാൻ വേണ്ടി വോട്ട് ഉപയോഗിക്കണമെന്ന് സലാഹുദീൻ മദനി

dot image

തിരുവനന്തപുരം/കൊച്ചി: മതേതര സർക്കാരിനെ തിരഞ്ഞെടുക്കാൻ വേണ്ടിയാകണം വോട്ട് ചെയ്യേണ്ടതെന്ന് പെരുന്നാൾ ദിനത്തിൽ ഓർമ്മിപ്പിച്ച് പാളയം ഇമാം വി പി സുഹൈബ് മൗലവി. രാജ്യത്ത് മുസ്ലീം വിരുദ്ധ അജണ്ടകൾ നടക്കുന്നുണ്ട്. ഒരു സമുദായത്തെ മാത്രം മാറ്റി നിർത്തി പൗരത്വം നടപ്പാക്കുന്ന രീതി കേട്ടുകേൾവി ഇല്ലാത്തതാണ്. അടിസ്ഥാനമൂല്യങ്ങൾ കാറ്റിൽ പറത്തുകയാണ്. ഗ്യാൻവാപിയിൽ അടക്കം കയ്യേറ്റം നടക്കുന്നുവെന്നും എങ്ങും ബഹുസ്വരത ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പാളയം ഇമാം കൂട്ടിച്ചേർത്തു. കേരള സ്റ്റോറി പൂർണമായും വസ്തുതാവിരുദ്ധമാണ്. ഇത്തരം കുപ്രചാരണങ്ങളിൽ വഞ്ചിതരാകരുത്. കള്ളം പ്രചരിക്കുന്നവരുടെ കൈയ്യിലെ ഉപകരണമായി മാറരുതെന്നും സിനിമ പ്രദർശിപ്പിക്കുന്നവരോട് പാളയം ഇമാം പറഞ്ഞു. ഇടുക്കി രൂപത പള്ളികളിൽ ദ കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനോടുള്ള ഇമാമിന്റെ പ്രതികരണമായിരുന്നു ഇത്.

പെരുന്നാൾ ദിനത്തിൽ പലസ്തീൻ ജനതയെയും അവർ നേരിടുന്ന ദുരിതങ്ങളും അദ്ദേഹം ഓർമ്മിപ്പിച്ചു. നിരവധി പേർ മരിച്ചു വീണിട്ടും പോരാടികൊണ്ടിരിക്കുന്ന പലസ്തീൻ ചരിത്രത്തിലും വർത്തമാനത്തിലും മാതൃകയാണ്. അവർ അനുഭവിക്കുന്ന വിഷമം അറിയാതെ പോകരുത്. പലസ്തീനിനൊപ്പം നിൽക്കുക എന്നാൽ മനുഷ്യത്വത്തിനു ഒപ്പം നിൽക്കുക എന്നതാണ്. വീണ്ടും വീണ്ടും കടന്നാക്രമിക്കുന്ന ഇസ്രയേലിന്റെ കൂടെ നിൽക്കുക എന്നാൽ പൈശാചികമാണ്. ഇസ്രയേൽ ഉൽപ്പന്നങ്ങൾ പരമാവധി ബഹിഷ്കരിക്കണം. ബഹിഷ്കരണമില്ലെങ്കിൽ അത് യഥാർത്ഥ വിശ്വാസമല്ലെന്നും ഇമാം പറഞ്ഞു.

വൈജാത്യങ്ങൾക്കിടയിലും എല്ലാവരെയും ഒരുമിച്ച് നിർത്തുന്നത് മനുഷ്യൻ്റെ ഐക്യമാണെന്നായിരുന്നു പെരുന്നാൾ ദിനത്തിലെ കലൂരിലെ ഈദ് ഗാഹിൽ സലാഹുദീൻ മദനി പറഞ്ഞത്. വംശത്തിൻ്റെ പേരിൽ നടക്കുന്ന ചെയ്തികൾ തിരിച്ചറിയുകയും അതിൽ അവബോധം ഉണ്ടാവുകയും വേണം. അരുതായ്മകൾക്കെതിരെ യോജിച്ച് നിൽക്കണം. നമ്മുടെ രാജ്യം ബഹുസ്വരത, മതസ്വാതന്ത്യം, ആരാധന എന്നിവയ്ക്ക് അനുവാദം നൽകുന്നുണ്ട്. എല്ലാറ്റിനുമുപരി ഇന്ത്യക്കാർ എന്ന ചിന്ത എല്ലാവരിലുമുണ്ട്. എന്നാൽ ആ മഹത്തായ പാരമ്പര്യം കളഞ്ഞു കുളിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെ നേരിടാൻ അവബോധത്തോടെ വിവേകത്തോടെ ഇടപെടണം. തീവ്രവാദത്തിൻ്റെയോ അക്രമത്തിൻ്റെയോ വഴിയല്ല സ്വീകരിക്കേണ്ടത്.

ഇസ്ലാം മതവിശ്വാസികളെ ഓരത്തേയ്ക്ക് മാറ്റി നിർത്തുന്നവരെ തിരിച്ചറിയണം. നിർണ്ണായകമായ പാർലമെൻ്റ് തിരഞ്ഞെടുപ്പാണ് വരുന്നത്. നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന വേളയിൽ നടക്കുന്ന തിരഞ്ഞെടുപ്പാണിത്. എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തി പകരാൻ വേണ്ടി വോട്ട് ഉപയോഗിക്കണം. ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ ഭരണത്തിലെത്തിക്കരുത്. സാധാരണ ഇങ്ങനെ പറയേണ്ടി വരാറില്ല. പക്ഷേ ഇത്തവണ പറയേണ്ടി വരുന്നു. നിസ്സംഗത പാലിക്കരുതെന്നും ഉത്തരവാദിത്വം നിറവേറ്റണമെന്നും സലാഹുദീൻ മദനി ഓർമ്മിപ്പിച്ചു.

പാനൂരിൽ സിപിഐഎം പ്രതിരോധം പൊളിയുന്നു; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ റിമാൻഡ് റിപ്പോർട്ട്?
dot image
To advertise here,contact us
dot image