എന്റെ ഉറുമ്പച്ചാ കാത്തോളണേ...

കണ്ണൂരിലാണ് ഉറുമ്പുകള്ക്കായി പ്രത്യേക ക്ഷേത്രം

dot image

കണ്ണൂര്: കുഞ്ഞനുറുമ്പിനെ അത്ര നിസ്സാരമായി കാണേണ്ട. ഉറുമ്പിനെ ദൈവമായി ആരാധിക്കുന്നൊരു ക്ഷ്രേത്രമുണ്ട് കണ്ണൂരില്. ഉറുമ്പിനായി ഒരു പ്രത്യേക ക്ഷേത്രം, ഉറുമ്പച്ചന് കോട്ടം. ഉറുമ്പിനെ ആരാധിക്കുന്ന ക്ഷേത്രമാണ് ഉറുമ്പച്ചന് കോട്ടം അഥവാ ഉറുമ്പച്ചന് ഗുരുസ്ഥാനം. ഒരു ക്ഷേത്രത്തിന്റെ രൂപഭാവങ്ങളൊന്നുമില്ല ഈ ക്ഷേത്രത്തിന്. പക്ഷെ മുടങ്ങാതെ പൂജയുണ്ട്. ഉയര്ത്തിക്കെട്ടിയ ഒരു തറ മാത്രമാണ് ക്ഷേത്രം. പിന്നെ വിളക്കുതറയും. കണ്ണൂര് ജില്ലയില് തോട്ടട എന്ന സ്ഥലത്തു നിന്നും കിഴുന്നപ്പാറയിലേക്കുള്ള റോഡില് കുറ്റിക്കകം എന്നിടത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

നാലു നൂറ്റാണ്ടുകള്ക്കുമുമ്പ് ഉദയമംഗലം ഗണപതി ക്ഷേത്രം പണിയാന് ഇവിടെ കുറ്റിയടിച്ചിരുന്നു. അടുത്ത ദിവസം കുറ്റിയുടെ സ്ഥാനത്ത് ഉറുമ്പിന് കൂട് കണ്ടു. ക്ഷേത്രത്തിനായി അടിച്ച കുറ്റി കുറച്ചു ദൂരെ മാറി കാണുകയും ചെയ്തു. കുറ്റി കണ്ടെത്തിയ പുതിയ സ്ഥലത്ത് ഗണപതി ക്ഷേത്രം പണിയുകയും ആദ്യം കുറ്റി വച്ചിടത്ത് തറ അല്പ്പം ഉയര്ത്തിക്കെട്ടി ഉറുമ്പിന് പൂജ തുടങ്ങുകയും ചെയ്തു. ഉയര്ത്തിക്കെട്ടിയ ഈ തറയാണ് ഉറുമ്പച്ചന് കോട്ടം എന്ന പേരില് പിന്നീട് അറിയപ്പെട്ടത്. ഉദയമംഗലംക്ഷേത്രത്തില് പൂജനടക്കുമ്പോള് എല്ലാ മാസവും ആദ്യം നിവേദ്യം നല്കുന്നത് ഉറുമ്പുകള്ക്കാണ്.

ഉറുമ്പച്ചന് കോട്ടത്തില് പൂജ ചെയ്ത ശേഷമാണ് ക്ഷേത്രത്തില് പൂജ ചെയ്യുന്നത്. സുബ്രഹ്മണ്യന്റെ ചൈതന്യം ഇവിടെ ഉണ്ടെന്ന വിശ്വാസത്തില് ദിവസവും വിളക്കു വെക്കുന്നുണ്ട്. വിശ്വാസികള് കൊണ്ടു വരുന്ന നാളികേരം ഉടച്ച് വെള്ളം തറയിലൊഴുക്കുന്നതാണ് വഴിപാട്. ഇങ്ങനെ ചെയ്താല് വീടുകളില് ഉറുമ്പിന്റെ ശല്യം ഉണ്ടാകില്ല എന്നാണ് വിശ്വാസം. വൃശ്ചിക മാസത്തിലെ കാര്ത്തിക നാളിലാണ് ക്ഷേത്രത്തിലെ ഉത്സവം.

ശബരിമല സീസണില് നിരവധി അയപ്പ ഭക്തര് ക്ഷേത്രത്തില് സന്ദര്ശനം നടത്താറുണ്ട്. കൂടാതെ വീടുകളില് ഉറുമ്പിന്റെ ശല്യമുണ്ടായാല് പരിഹരിക്കാന് നാട്ടുകാര് ഉറുമ്പച്ചന് കോട്ടത്തിലെത്തും. ഭക്തര് സമര്പ്പിക്കുന്ന നാളികേരം പൂജാരിയാണ് ഉടയ്ക്കുക. നാളികേരത്തിനുള്ളിലെ വെള്ളം ക്ഷേത്രത്തിലെ തറയിലൊഴുക്കുകുകയും ചെയ്യും. ഉറുമ്പച്ചന് കോട്ടത്തിലെ ഉറുമ്പു വിശേഷങ്ങള് കേട്ടറിഞ്ഞ് ദിവസേന നിരവധി പേരാണ് ഇവിടെയെത്താറുള്ളത്.

dot image
To advertise here,contact us
dot image