കൊച്ചി: കേരളത്തിലെ ചില മതപണ്ഡിതന്മാര്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന് എ പി അബ്ദുള്ളക്കുട്ടി. ഈദ് ഗാഹില് നടത്തിയ പ്രസംഗത്തില് 'ദ കേരള സ്റ്റോറി'ക്കെതിരെ നടത്തിയ പരാമര്ശങ്ങള്ക്കെതിരെയാണ് വിമര്ശനം. പാളയം ഇമാമിന്റെ പേരെടുത്ത് വിമര്ശിച്ച അബ്ദുള്ളക്കുട്ടി അദ്ദേഹം സിനിമ കണ്ടിട്ടുണ്ടോയെന്നും ചോദിക്കുന്നു.
'നിരവധി ഈദ് ഗാഹുകളില് പണ്ഡിതന്മാര് എടുത്ത നിലപാട് പ്രതിഷേധാര്ഹമാണ്. 'ദ കേരള സ്റ്റോറി' സിനിമയെക്കുറിച്ചായിരുന്നു പാളയം ഇമാം ഉള്പ്പെടെയുള്ളവരുടെ പ്രസംഗം. അത് ഇസ്ലാമിനും കേരളത്തിനും എതിരാണെന്ന് അവര് പറയുന്നു. പിണറായി വിജയന് തിരഞ്ഞെടുപ്പ് വേദികളില് എല്ലാ വിഷയങ്ങളെയും വര്ഗീയവല്ക്കരിച്ച് മുസ്ലിം വികാരങ്ങള് പ്രീണിപ്പിക്കുന്നത് പോലെയാണിത്.' എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
താന് പങ്കെടുത്ത ഈദ് ഗാഹില് തഖ്വയെക്കുറിച്ചാണ് സംസാരിച്ചത്. ഇരുചക്രവാഹനം ഓടിക്കുമ്പോള് ഹെല്മെറ്റ് ധരിക്കുന്നതും കാര് ഓടിക്കുമ്പോള് സീറ്റ് ബെല്ട്ടിടുന്നതും തഖ്വയാണ്. എന്നാല് ചില പണ്ഡിതന്മാര് 'ദ കേരള സ്റ്റോറി'യുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. ഇവരൊന്നും സിനിമ കണ്ടിട്ടില്ലെന്ന് തനിക്കറിയാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ലോകത്തിലെ മുസ്ലിം സമുദായം നേരിടുന്ന വെല്ലുവിളിയെക്കുറിച്ചാണ് സിനിമ പറയുന്നത്. സിനിമ ഇസ്ലാമിന് അനുകൂലമാണ്. കേരളത്തിന് അനുകൂലമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇത്തരം വിഷയങ്ങളില് രാഷ്ട്രീയ നേതാക്കള് പ്രതികരിക്കുന്നത് പോലെ മതപണ്ഡിതന്മാര് പ്രതികരിക്കുന്നത് ഉചിതമല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കേരളസ്റ്റോറി വസ്തുതാവിരുദ്ധമാണെന്നും ഇത്തരം പ്രചാരണങ്ങളില് വഞ്ചിതരാകരുതെന്നുമായിരുന്നു പാളയം ഇമാം വി പി സുഹൈബ് മൗലവി അഭിപ്രായപ്പെട്ടത്. ഇടുക്കി രൂപത പള്ളികളില് 'ദ കേരള സ്റ്റോറി' പ്രദര്ശിപ്പിച്ചതിനോടായിരുന്നു പ്രതികരണം.