തിരുവനന്തപുരം: കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിഭാഗീയ ചര്ച്ചകളെ അപലപിച്ച് സാസ്കാരിക-സാമൂഹിക പ്രവര്ത്തകര് രംഗത്ത്. വിവിധ മേഖലകളില് വ്യക്തിമുദ്ര പതിപ്പിച്ച 46 പേരാണ് പ്രസ്താവനയിലൂടെ ഈ നീക്കങ്ങളെ അപലപിച്ചിരിക്കുന്നത്. അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രസര്ക്കാര് തള്ളിയ ഒരു വിഷയത്തില് സാമുദായിക വിഭജനവും ഭയവും സൃഷ്ടിക്കുന്ന, യഥാര്ത്ഥ വസ്തുതകളൊന്നും പരിഗണിക്കാതെ, ഒരു രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായി നിര്മ്മിച്ച സിനിമ ഒരു പ്രത്യേക വിഭാഗം ക്രിസ്ത്യന് സഭകള് പ്രദര്ശിപ്പിച്ചത് ഏറ്റവും ദൗര്ഭാഗ്യകരമാണെന്ന് പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. 'മുതിര്ന്നവര്ക്ക് മാത്രം കാണുന്നതിന് സെന്സര് ബോര്ഡ് സര്ട്ടിഫൈ ചെയ്ത ഈ സിനിമ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തത് പോലെ വിദ്യാര്ത്ഥികളെ പൊതുവായി കാണിക്കുന്നതെങ്ങനെയെന്ന് ഞങ്ങള് ആശ്ചര്യപ്പെടുന്നു.
ഇത്തരമൊരു ലൗ ജിഹാദ് കേന്ദ്ര ഏജന്സികളൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്ന് ലോക്സഭയില് ഒരു ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രാലയം 2020 ഫെബ്രുവരി 4 ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേരളത്തില് നിന്നുള്ള മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസുകള് ദേശീയ അന്വേഷണ ഏജന്സി അന്വേഷിച്ചുവെന്നും മറുപടിയില് പറഞ്ഞിരുന്നു. കൂടാതെ ലവ് ജിഹാദ് എന്ന പദത്തിന് നിലവിലുള്ള നിയമത്തിന് കീഴില് നിര്വചനങ്ങള് നല്കിയിട്ടില്ലെന്നും ഉത്തരത്തില് കൂട്ടിച്ചേര്ത്തിരുന്നു'വെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.
ആശങ്കാകുലരായ പൗരന്മാര് എന്ന നിലയിലും തലമുറകളായി തുടരുന്ന മതസൗഹാര്ദ്ദത്തിന്റെ അവകാശികള് എന്ന നിലയിലും പ്രസ്തുത പ്രചരണ സിനിമയില് ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളെ അപലപിക്കുന്നു. കേരളീയരോട് ഇത്തരമൊരു പ്രചാരണം അവഗണിക്കണമെന്നും പ്രസ്താവന അഭ്യര്ത്ഥിക്കുന്നു.
പൊതുസമൂഹത്തിന്റെ ക്ഷേമത്തിനായി നൂറ്റാണ്ടുകളായി പ്രവര്ത്തിച്ച് വരുന്ന ക്രിസ്ത്യന് സഭകള് തലമുറകളായി പിന്തുടരുന്ന സാമുദായിക സഹകരണത്തെ അസ്വസ്ഥമാക്കുന്ന ഇത്തരം അശ്ലീല പ്രചാരണങ്ങളില് വീഴരുതെന്നും പ്രസ്താവന അഭ്യര്ത്ഥിച്ചു. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്നതും പ്രത്യേകലക്ഷ്യങ്ങളോടെയുമുള്ള പ്രചരണങ്ങളില് പങ്കാളികളാകുന്നത് അവസാനിപ്പിക്കാന് ബന്ധപ്പെട്ട എല്ലാവരോടും സമൂഹത്തിന്റെ പൊതു നന്മയെ കരുതി ഞങ്ങള് അഭ്യര്ത്ഥിക്കുന്നു. നിയമസംവിധാനം ഇത്തരം ഉലച്ചിലുകള്ക്കെതിരെ കരുതല് സ്വീകരിക്കണമെന്നും പ്രസ്താവന അഭ്യര്ത്ഥിച്ചു.
മുന് അംബാസിഡര് കെ പി ഫാബിയാന്, മുന് പ്ലാനിങ്ങ് കമ്മീഷന് അംഗം ഡോ. എന് ജെ കുര്യന്, എഴുത്തുകാരായ എം എ്ന് കാരശ്ശേരി, അരുദ്ധതി റോയ്, സാറാ ജോസഫ്, മുതിര്ന്ന മാധ്യമപ്രവര്ത്തകരായ ശശി കുമാര്, ബിആര്പി ഭാസ്കര്, സിനിമാ സംവിധായകരായ ടി വി ചന്ദ്രന്, കമല്, ജോണ് ദയാല്- ( മുന് ദേശീയോഗ്രഥന കൗണ്സില് അംഗം, ആള് ഇന്ത്യ കാത്തലിക് കോണ്ഗ്രസ്), എ ജെ ഫിലിപ്പ് (ട്രിബ്യൂണ് മുന് എഡിറ്റര്, ന്യൂ ഡല്ഹി കേരള ക്ലബ് വൈസ് പ്രസിഡന്റ്), ഡോ. ജോര്ജ് മാത്യു( ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല് സയന്സ്, ന്യൂഡല്ഹി), ജമാല് കൊച്ചങ്ങാടി( മുതിര്ന്ന മാധ്യമപ്രവര്ത്തകന്), ഡോ. സഖി ജോണ്, ജോണ് സാമുവല് അടൂര്, ടോണി ജോസഫ്, ആര് രാജഗോപാല് ( എഡിറ്റര് അറ്റ് ലാര്ജ്, ദ ടെലഗ്രാഫ്), ഡോ. ഉമ്മര് തറമേല്, ഡോ. ആസാദ്, ഡോ. ഖദീജ മുംതാസ്, അബ്ദുല് കലാം ആസാദ് പട്ടണം, ഇ സന്തോഷ് കുമാര്, പ്രേം ചന്ദ്,ഷീല ടോമി, സുനില് ഞാളിയത്ത്, വി കെ ജോസഫ്, പോള് സക്കറിയ, വി കെ ചെറിയാന്, ഒ കെ ജോണി, വെങ്കടേഷ് രാമകൃഷ്ണന്, സി എസ് ചന്ദ്രിക, പി കെ ശ്രീനിവാസന്, വി ആര് സുധീഷ്, പോളി വര്ഗീസ് , സണ്ണി ജോസഫ്, ബിനു ജോണ്, ദീപക് ജോണ് മാത്യു, ഡോ. അബി കോശി, ഡോ. പി ജെ ആന്റണി, ലിസി, വി ശശികുമാര്, സുകുമാര് മുരളീധരന്, ടോം വട്ടക്കുഴി, ജോഷി ജോസഫ്, റോയ് തോമസ്, കെ പി തോമസ്.