തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി ഇന്ന്; കെ ബാബുവിന് നിർണായകം

കെ ബാബുവിനെ ഹൈക്കോടതി ഇന്ന് അയോഗ്യനാക്കിയാല് ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിന് കനത്ത തിരിച്ചടിയാകും. ഒപ്പം എം സ്വരാജിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കൂടി ഹൈക്കോടതി അംഗീകരിച്ചാല് നിയമസഭയില് ഇടതുപക്ഷത്തിന്റെ അംഗബലം നൂറ് സീറ്റാകും.

dot image

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില് ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് പി ജി അജിത് കുമാര് അധ്യക്ഷനായ സിംഗിള് ബെഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിധി പറയും. ഹര്ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തി മൂന്ന് വര്ഷം പൂര്ത്തിയാകാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കേസിലെ വിധി. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പില് വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നാണ് എല്ഡിഎഫ് സ്ഥാനാര്ത്ഥി എം സ്വരാജിന്റെ പ്രധാന വാദം. യുഡിഎഫ് സ്ഥാനാര്ത്ഥി കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് എം സ്വരാജിന്റെ ഹര്ജിയിലെ ആവശ്യങ്ങള്.

2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്ന കെ ബാബു വിജയിച്ചതും എല്ഡിഎഫ് സ്ഥാനാര്ത്ഥി എം സ്വരാജ് തോറ്റതും കേവലം 992 വോട്ടുകള്ക്കാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയം യുഡിഎഫ് പ്രചാരണ ആയുധമാക്കിയ തിരഞ്ഞെടുപ്പില് കെ ബാബുവിന്റെ വിജയം ഹൈക്കോടതി കയറി. കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവും വിജയവും നിയമവിരുദ്ധമാണെന്ന് എം സ്വരാജ് വാദിക്കുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വീടുകളില് വിതരണം ചെയ്ത സ്ലിപ്പില് സ്ഥാനാര്ത്ഥിയുടെ ചിഹ്നത്തിനൊപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചു. കെ ബാബു തോറ്റാല് അയ്യപ്പന് തോല്ക്കുന്നതിന് തുല്യമാണെന്ന് യുഡിഎഫ് തൃപ്പൂണിത്തുറയില് പ്രചാരണം നടത്തി. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും എം സ്വരാജ് പറയുന്നു. അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടേഴ്സ് സ്ലിപ്പ് ഉള്പ്പടെയുള്ള പ്രചാരണ സാമഗ്രികളും എം സ്വരാജ് തെളിവായി ഹാജരാക്കി.

എം സ്വരാജിന്റെ ഹര്ജി നിലനില്ക്കില്ലെന്നായിരുന്നു കെ ബാബുവിന്റെ മറുപടി വാദം. ഈ വാദം തള്ളിയ ഹൈക്കോടതി കേസ് നിലനില്ക്കുമെന്ന് വ്യക്തമാക്കി. ഹൈക്കോടതി പരാമര്ശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ബാബു സുപ്രീം കോടതിയെ സമീപിച്ചു. കെ ബാബുവിന്റെ ആദ്യ ഹര്ജി സുപ്രീം കോടതി തള്ളി. കേസില് വിചാരണ തുടരാന് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിര്ദ്ദേശം. വിചാരണ പൂര്ത്തിയാകാനിരിക്കെ നടപടിക്രമങ്ങള് ചോദ്യം ചെയ്ത് കെ ബാബു നല്കിയ രണ്ടാം ഹര്ജിയും തള്ളിയതോടെ കെ ബാബുവിന് വീണ്ടും തിരിച്ചടി. എല്ഡിഎഫ് കൃത്രിമമായി ഉണ്ടാക്കിയ തെളിവാണിതെന്നായിരുന്നു കെ ബാബുവിന്റെ വാദം.

കെ ബാബുവിനെ ഹൈക്കോടതി ഇന്ന് അയോഗ്യനാക്കിയാല് ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിന് കനത്ത തിരിച്ചടിയാകും. ഒപ്പം എം സ്വരാജിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കൂടി ഹൈക്കോടതി അംഗീകരിച്ചാല് നിയമസഭയില് ഇടതുപക്ഷത്തിന്റെ അംഗബലം നൂറ് സീറ്റാകും. ഹൈക്കോടതി വിധി ഏത് സ്ഥാനാര്ത്ഥിക്ക് അനുകൂലമായാലും കെ ബാബു - എം സ്വരാജ് നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക് എത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us