'ആ സ്ലിപ്പ് എന്റേതല്ല, കൃത്രിമമായി ഉണ്ടാക്കിയത്'; വിധിയിൽ സന്തോഷമെന്ന് കെ ബാബു

അനാവശ്യ വ്യവഹാരങ്ങൾ അവസാനിപ്പിക്കാൻ ഇടതുപക്ഷ മുന്നണി തയ്യാറാക്കണമെന്ന് കെ ബാബു എംഎൽഎ

dot image

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില് എം സ്വരാജിന്റെ ഹർജി തള്ളിയ ഹൈക്കോടതി വിധിയിൽ വളരെ സന്തോഷമെന്ന് കെ ബാബു എംഎൽഎ. തിരഞ്ഞെടുപ്പ് സമയത്ത് വീടുകളില് വിതരണം ചെയ്ത സ്ലിപ്പില് സ്ഥാനാര്ത്ഥിയുടെ ചിഹ്നത്തിനൊപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചുവെന്നാരോപിച്ചായിരുന്നു എം സ്വരാജ് കോടതിയെ സമീപിച്ചത്. എന്നാൽ തങ്ങൾ ഇങ്ങനെ ഒരു സ്ലിപ്പ് അടിച്ചിട്ടില്ലെന്നും കെ ബാബു പറഞ്ഞു. ഇതെല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു. പോരാടി നേടിയ വിജയം മോശമാക്കി ചിത്രീകരിക്കാൻ എൽഡിഎഫ് ശ്രമിച്ചു. കൃത്രിമമായി ഉണ്ടാക്കിയ കേസാണ്. അനാവശ്യ വ്യവഹാരങ്ങൾ അവസാനിപ്പിക്കാൻ ഇടതുപക്ഷ മുന്നണി തയ്യാറാകണമെന്നും കെ ബാബു ആവശ്യപ്പെട്ടു.

തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ഈ വിധി കേരളത്തിലെ യുഡിഎഫ് പ്രവർത്തകർക്ക് ആവേശം നൽകും. തൻറെ പേരിൽ മതചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന സ്ലിപ്പ് അച്ചടിച്ച് വിതരണം ചെയ്തത് എതിർ പാർട്ടിക്കാർ ആയിരിക്കാം. 2021ൽ ജനകീയ കോടതി തന്നെ വിജയിപ്പിച്ചതാണ്. ആ വിജയത്തെ മോശമാക്കി ചിത്രീകരിക്കാനായിരുന്നു എതിരാളികളുടെ നീക്കം. ജനകീയ കോടതി വിധി എൽഡിഎഫ് അംഗീകരിക്കാൻ തയാറായില്ല. എന്നാൽ വിധി അംഗീകരിക്കാൻ എൽഡിഎഫും സർക്കാരും തയ്യാറാകണമെന്നും കെ ബാബു പറഞ്ഞു.

ജസ്റ്റിസ് പി ജി അജിത് കുമാര് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് കെ ബാബുവിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഹര്ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തി മൂന്ന് വര്ഷം പൂര്ത്തിയാകാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കേസിലെ വിധി. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പില് വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നാണ് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്ന എം സ്വരാജ് വാദിച്ചത്.

2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്ന കെ ബാബു വിജയിച്ചതും എല്ഡിഎഫ് സ്ഥാനാര്ത്ഥി എം സ്വരാജ് തോറ്റതും കേവലം 992 വോട്ടുകള്ക്കാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയം യുഡിഎഫ് പ്രചാരണ ആയുധമാക്കിയ തിരഞ്ഞെടുപ്പില് കെ ബാബുവിന്റെ വിജയം ഹൈക്കോടതി കയറുകയായിരുന്നു. കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവും വിജയവും നിയമവിരുദ്ധമാണെന്നാണ് എം സ്വരാജ് വാദിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് വീടുകളില് വിതരണം ചെയ്ത സ്ലിപ്പില് സ്ഥാനാര്ത്ഥിയുടെ ചിഹ്നത്തിനൊപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചു. കെ ബാബു തോറ്റാല് അയ്യപ്പന് തോല്ക്കുന്നതിന് തുല്യമാണെന്ന് യുഡിഎഫ് തൃപ്പൂണിത്തുറയില് പ്രചാരണം നടത്തി. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നുമാണ് സ്വരാജിന്റെ വാദം. അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടേഴ്സ് സ്ലിപ്പ് ഉള്പ്പടെയുള്ള പ്രചാരണ സാമഗ്രികളും എം സ്വരാജ് തെളിവായി ഹാജരാക്കിയിരുന്നു.

കെ ബാബുവിന് ആശ്വാസം, എംഎല്എ ആയി തുടരാം; എം സ്വരാജിന്റെ ഹർജി തള്ളി
dot image
To advertise here,contact us
dot image