കൊച്ചി: ട്വന്റി20 ഭക്ഷ്യസുരക്ഷാമാര്ക്കറ്റുകള് വഴി സബ്സിഡി ഉല്പ്പന്നങ്ങള് വിതരണം ചെയ്യുന്നത് താല്ക്കാലികമായി നിര്ത്തിവെക്കാന് ഉത്തരവ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഉല്പ്പന്നങ്ങള്ക്ക് സബ്സിഡി നല്കുന്നത് അടിയന്തിരമായി നിര്ത്തിവെക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര് കൂടിയായ കളക്ടര് ഉത്തരവിട്ടു. കിറ്റെക്സ് ചില്ഡ്രന്സ് വെയര് ലിമിറ്റഡ് ഡയറക്ടര് തോമസ് ചെറിയാന്, ട്വന്റി 20 കിഴക്കമ്പലം പ്രസിഡന്റിനുമാണ് നിര്ദേശം.
ഭക്ഷ്യസുരക്ഷാ മാര്ക്കറ്റ് എന്ന പേരില് പ്രവര്ത്തിക്കുന്ന സൂപ്പര് മാര്ക്കറ്റ് തുറന്ന് പ്രവര്ത്തിക്കാം. പക്ഷെ, 2024 ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഉല്പ്പന്നങ്ങള്ക്ക് സബ്സിഡി നല്കുന്നത് നിര്ത്തണം എന്നാണ് കളക്ടര് ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവിന്മേല് സ്വീകരിച്ച നടപടി അറിയിക്കാന് നാളെ അഞ്ച് മണി വരെ സമയം അനുവദിച്ചു. കിഴക്കമ്പലത്ത് ട്വന്റി 20 നടത്തുന്ന മെഡിക്കല് സ്റ്റോര് പ്രവര്ത്തനം നിര്ത്തിവെക്കാന് നേരത്തെ ജില്ലാ കളക്ടര് ഉത്തരവിട്ടിരുന്നു. പെരുമാറ്റച്ചട്ടം നിലവില് വന്നതിന് ശേഷമായിരുന്നു മെഡിക്കല് സ്റ്റോറിന്റെ ഉദ്ഘാടനം. ഇതിനെതിരെ ജില്ലാ കലക്ടര്ക്ക് പരാതി ലഭിച്ചതോടെയാണ് നടപടി. തുടര്ന്ന് ഉത്തരവിനെതിരെ പാര്ട്ടി കേരളഹൈക്കോടതിയെ സമീപിക്കുകയും ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. ഹർജിക്കാരനോ ഹർജിക്കാരനുമായി ബന്ധപ്പെട്ട ആരെങ്കിലുമോ സ്റ്റോറിന്റെ നടത്തിപ്പ് രാഷ്ട്രീയ പ്രചരണത്തിനുള്ള മാധ്യമമായി ഉപയോഗിക്കരുതെന്ന് വ്യവസ്ഥയിലായിരുന്നു ജസ്റ്റിസ് ഗോപിനാഥ് പി ജില്ലാ ഇലക്ടറല് ഓഫീസിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. കിഴക്കമ്പലം, മഴുവന്നൂര്, കുന്നത്തുനാട്, ഐക്കരനാട്, വെങ്ങോല പഞ്ചായത്തുകളിലെ താമസക്കാര്ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യവസ്തുക്കളും പലചരക്ക് സാധനങ്ങളും വില്ക്കുന്നതിനായി 2014 ല് കമ്പനി സൂപ്പര്മാര്ക്കറ്റ് ആരംഭിച്ചതായും ഹര്ജിക്കാരന് അന്ന് ചൂണ്ടികാട്ടിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില് ചാലക്കുടിയിലും എറണാകുളത്തുമായി രണ്ട് സ്ഥാനാര്ത്ഥികളെയാണ് ട്വന്റി20 മത്സരിപ്പിക്കുന്നത്. ചാലക്കുടിയില് അഡ്വ. ചാര്ലി പോളും എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് സ്ഥാനാര്ത്ഥികള്. ട്വന്റി20 പാര്ട്ടിസ്ഥാനാര്ത്ഥികള് വിജയിച്ചാല് കൊച്ചി നഗരത്തെ മുംബൈ, ബാംഗ്ലൂര്, ഹൈദരാബാദ് തുടങ്ങിയ വന്നഗരങ്ങളോട് കിടപിടിക്കുന്ന മെട്രോനഗരമാക്കി മാറ്റുമെന്നാണ് പാര്ട്ടി കണ്വീനര് സാബു എം ജേക്കബിന്റെ അവകാശവാദം.