തിരുവനന്തപുരം: കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില് തൃപ്പൂണിത്തുറയില് കെ ബാബു പൊരുതി നേടിയ വിജയത്തെ അപഹസിക്കാനാണ് തുടക്കം മുതല്ക്കെ എല്ഡിഎഫും സിപിഐഎമ്മും ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏതുവിധേനയും കെ ബാബുവിനെ അയോഗ്യനാക്കാന് എല്ലാ അടവുകളും സിപിഐഎം പയറ്റി. ആരോപണങ്ങള് തെളിയിക്കാന് ഹാജരാക്കിയ രേഖകളുടെ വിശ്വസനീയത കോടതിയെ ബോധ്യപ്പെടുത്താന് പോലും ഹര്ജിക്കാര്ക്കായില്ല. വ്യാജരേഖ ഉണ്ടാക്കിയാണോ കോടതിയെ സമീപിച്ചതെന്ന സംശയം പോലും നിലനില്ക്കുന്നുണ്ടെന്നും വി ഡി സതീശൻ വിമർശിച്ചു.
ജനകീയ കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. കെ ബാബുവിനേയും യുഡിഎഫിനെയും ബോധപൂര്വ്വം അപഹസിക്കാന് ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
കെ ബാബുവിന് ആശ്വാസം, എംഎല്എ ആയി തുടരാം; എം സ്വരാജിന്റെ ഹർജി തള്ളികെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് എം സ്വരാജ് നൽകിയ ഹർജി കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് പി ജി അജിത് കുമാര് അധ്യക്ഷനായ സിംഗിള് ബെഞ്ചിന്റേതാണ് വിധി. ഹര്ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തി മൂന്ന് വര്ഷം പൂര്ത്തിയാകാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കേസിലെ വിധി. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പില് വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നാണ് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്ന എം സ്വരാജ് വാദിച്ചത്.
ബാബുവിനെതിരായ ആക്ഷേപം തെളിയിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. വോട്ടർമാർക്ക് മതചിഹ്നമുള്ള സ്ലിപ്പ് നൽകി എന്നതിന് തെളിവില്ല. സാക്ഷിമൊഴികൾ മാത്രമായി പരിഗണിക്കാൻ കഴിയില്ല. സാക്ഷിമൊഴിയെ സാധൂകരിക്കുന്ന തെളിവില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.