പത്തനംതിട്ട: വിവാദങ്ങളിൽ അനിൽ ആൻ്റണിയും ആൻ്റോ ആൻ്റണിയും മറുപടി പറയണമെന്ന് പത്തനംതിട്ടയിലെ സിപിഐഎം സ്ഥാനാർഥി തോമസ് ഐസക്. എന്നിട്ട് മതി നാട്ടുകാരോട് വോട്ട് ചോദിക്കുന്നത്. രണ്ട് പേരെയും തനിക്ക് വിശ്വാസമില്ലെന്നും രണ്ട് പേരും വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി സിഇഒ ഹൈക്കോടതിയിൽ അഫിഡവിറ്റ് നൽകിയിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിൽ സിഇഒയ്ക്കാണ് പൂർണ്ണ ഉത്തരവാദിത്തമെന്നാണ് അഫിഡവിറ്റ്. മന്ത്രിമാർക്കും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും ഗവേർണിങ് ബോഡി അംഗങ്ങൾക്കും ഫണ്ട് വിനിയോഗവുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ ഐസക് ഓഡിറ്റിലോ ആർബിഐയിലോ ഒരു പരാമർശം പോലും ഇല്ലെന്നും വ്യക്തമാക്കി. പി കെ ബിജുവിൻ്റെ കേസ് വേറെ തൻ്റെ കേസ് വേറെ. തനിക്ക് കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ട്. സുപ്രീം കോടതി അല്ലേ പൗരാവകാശങ്ങളെ സംരക്ഷിച്ചുകൊണ്ട് നിലപാട് എടുക്കുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
അനില് ആന്റണിക്കെതിരെ ആരോപണവുമായി ദല്ലാള് നന്ദകുമാര് എന്നറിയപ്പെടുന്ന ടി ജി നന്ദകുമാര് രംഗത്തെത്തിയിരുന്നു. ഒന്നാം യുപിഎ സർക്കാരിന്റെ അവസാന കാലത്തും രണ്ടാം യുപിഎ കാലത്തും ഡൽഹിയിലെ അറിയപ്പെടുന്ന ബ്രോക്കർ ആയിരുന്നു ബിജെപി സ്ഥാനാർഥി അനിൽ ആന്റണിയെന്നും സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് തന്റെ കയ്യിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞിരുന്നു. നിയമനം ലഭിച്ചില്ല, പണം തിരിച്ചു തന്നില്ല. പി ടി തോമസ് ഇടപെട്ടാണ് പണം നൽകിയത്. അനിൽ ആന്റണി നിഷേധിച്ചാൽ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പിതാവിനെ വെച്ച് വില പേശി പണം വാങ്ങിയ ആളാണ് അനിൽ ആന്റണി. അനിൽ അംബാനിയുടേതിന് സമാനമായ ഒപ്പാണ് വിസിറ്റേഴ്സിന്റെ ബുക്കിൽ അനിൽ ആന്റണി ഇട്ടത്. പി ജെ കുര്യനും ഉമ തോമസിനും ഇക്കാര്യങ്ങൾ അറിയാം. ചില ഡിഫൻസ് നോട്ടുകൾ പുറത്ത് പോയി. ഇത് പിടിക്കപ്പെടാതിരിക്കാനാണ് അനിൽ ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം ആരോപിച്ചു.
തന്നെ പത്തനംതിട്ടയിൽ തോൽപ്പിക്കാൻ പല ശ്രമങ്ങളും യുഡിഎഫ് നടത്തുന്നുണ്ടെന്നായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം. തന്നെ തോൽപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ഒടുവിൽ ക്രിമിനൽ ആയ നന്ദകുമാറിനെ ഇറക്കിയെന്ന് അനില് ആന്റണി ആരോപിച്ചു. ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ ഗുരു പി ജെ കുര്യനും ചേർന്നാണ് നന്ദകുമാറിനെ ഇറക്കിയതെന്നും അനിൽ പറഞ്ഞു. 2013ന് ശേഷം നന്ദകുമാറിനെ കണ്ടിട്ടില്ലെന്നും പി ജെ കുര്യൻ കള്ളം പറയുന്നുവെന്നും അനിൽ ആന്റണി വാദിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിന് വെറും രണ്ട് ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ മുന്നണി സ്ഥാനാർത്ഥികൾ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തുകയാണ്. വോട്ടെടുപ്പ് അടുത്തപ്പോൾ പരസ്പരം ആരോപണങ്ങൾ മെനഞ്ഞ് പരമാവധി വോട്ടുകൾ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണി സ്ഥാനാർത്ഥികൾ. ദല്ലാൾ നന്ദകുമാർ വിഷയത്തിൽ ആൻ്റോ ആന്റണിയും അനിൽ ആന്റണിയും പരസ്പരം ഏറ്റുമുട്ടുന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് എൽഡിഎഫ് നേതൃത്വം.