തിരുവനന്തപുരം: ഓൺലൈൻ ടാക്സികൾക്ക് കർശന മാർഗനിർദേശവുമായി സർക്കാർ. കേന്ദ്രഭേദഗതിയെ അടിസ്ഥാനമാക്കിയാണ് ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ലൈസൻസ് നൽകിയിട്ടുള്ളത്. ഓൺലൈൻ ടാക്സി സേവനദാതാക്കളെല്ലാം മോട്ടോർ വാഹനവകുപ്പിൽ നിന്നും പ്രവർത്തനാനുമതി നേടണം. തിരക്കനുസരിച്ച് നിരക്കിൽ വ്യത്യാസം വരുത്താൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും സർക്കാർ നിരക്കിൽ കൂടരുത് എന്നിവയാണ് വ്യവസ്ഥകൾ.
കൂടാതെ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരോ, ലഹരിക്കേസിലെ പ്രതികളായിട്ടുള്ളവരെയോ ഡ്രൈവർമാരാക്കരുത് എന്നും സർക്കാർ അറിയിച്ചു. ഡ്രൈവർമാരുടെ ആധാർ വിവരങ്ങൾ സേവനദാതാക്കൾ സൂക്ഷിക്കണം. ഡ്രൈവർമാർക്ക് ഒരു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. അതില്ലെങ്കിൽ ഡ്രൈവർമാർക്ക് ആവശ്യമായ പരിശീലനം നൽകും. സ്വകാര്യ കമ്പനികൾക്ക് പുറമേ സഹകരണ സംഘങ്ങൾക്കും ഓൺലൈൻ ടാക്സി ആരംഭിക്കാം. അഞ്ചുവർഷത്തേക്കായിരിക്കും ലൈസൻസ്. സംസ്ഥാനത്ത് ഓഫീസ് ഉണ്ടാകണം. യാത്രക്കാരുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള ഡേറ്റ, ഇന്ത്യൻ സർവറിൽ സൂക്ഷിക്കണം. സർക്കാർ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ കൈമാറണം എന്നും നിർദേശത്തിൽ പറയുന്നുണ്ട്.
മതിയായ കാരണമില്ലാതെ ഡ്രൈവർ യാത്ര നിരസിച്ചാൽ നിരക്കിന്റെ പത്തുശതമാനമോ പരമാവധി 100 രൂപയോ പിഴയായി ചുമത്താം. ഇത് തിരികേ യാത്രക്കാരന്റെ അക്കൗണ്ടിലേക്ക് ലഭിക്കും. യാത്രക്കാരുടെ വിലയിരുത്തൽ അനുസരിച്ച് ഡ്രൈവർക്ക് റേറ്റിങ് നൽകാനും കഴിയും. യാത്രാ നിരക്കിന്റെ 80 ശതമാനം വാഹന ഉടമയ്ക്കും 18 ശതമാനം കമ്പനിക്കും രണ്ടുശതമാനം സർക്കാരിനുമായിരിക്കും. അഞ്ചുലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. എട്ടുസീറ്റിൽ താഴെയുള്ള വാഹനങ്ങളുപയോഗിച്ച് ഷെയർ ടാക്സിയും നടത്താം എന്നും സർക്കാർ നിൽക്കിയ വ്യവസ്ഥയിൽ പറയുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്ഡിന്റെ അനധികൃത ഉപയോഗം; അതിജീവിതയുടെ ഹര്ജി ഇന്ന് ഹൈക്കോടതിയില്