കണ്ണൂർ: കഴുതകളോട് ഇഷ്ടം തോന്നിയ ഒരു ചെറുപ്പക്കാരനുണ്ട് കണ്ണൂരിൽ. കേൾക്കുമ്പോൾ കുറച്ച് വിചിത്രമായി തോന്നാം. എന്നാൽ മലബാറിലെ ഏക കഴുതഫാമാണ് തന്റേതെന്ന് അവകാശപ്പെടുകയാണ് പത്തൊമ്പതുകാരനായ യദുകൃഷ്ണൻ. ‘മിറാക്കിൾ ഡോങ്കീസ്’ എന്നാണ് ഫാമിന് പേരിട്ടിരിക്കുന്നത്. കണ്ണൂർ ചൊക്ലി മത്തിപ്പറമ്പിൽ ‘ബാലകമലം’ എന്ന വീട്ടിൻ്റെ പരിസരത്ത് തന്നെയാണ് യദു ഫാം ഒരുക്കിയിട്ടുള്ളത്. പഠനത്തിന് ശേഷം കഴുത വളർത്തലിനോട് ഇഷ്ടം തോന്നി യദു സ്വന്തമായി തിരഞ്ഞെടുത്ത വഴിയാണ് കഴുതഫാം എന്ന ആശയം. കുഞ്ഞുങ്ങളുൾപ്പെടെ ലക്ഷണമൊത്ത 20 കഴുതകളാണ് ഈ ഫാമിലെ പെന്നോമനകൾ. കല്പറ്റ മുണ്ടേരി വിഎച്ച്എസ്എസിൽ ഡയറി ഫാം ഓൺട്രപ്രണർഷിപ്പ് കോഴ്സ് പൂർത്തിയാക്കിയശേഷമായിരുന്നു യദു ഈ മേഖലയിലേക്ക് തിരിഞ്ഞത്.
കഴുത വളർത്തലിലെ കൗതുകവും കഴുതപ്പാലിന്റെ വിലയെ പറ്റി വായിച്ച് അറിഞ്ഞതാണ് യദുവിന് പ്രചോദനമായത്. ഒരുപാട് യാത്രകള് ചെയ്ത് മറ്റ് സംസ്ഥാനങ്ങളായ കർണാടകയിലെയും ആന്ധ്രയിലെയും കഴുതഫാമുകൾ സന്ദർശിച്ച് അവയെ പറ്റി പഠിച്ചു. ഹൈബ്രിഡ് ഇനങ്ങളായ ഹെല്ലാരി, കത്തേവാഡി എന്നിങ്ങനെയുള്ള കഴുത ഇനങ്ങളെ വാങ്ങിച്ചു. 70,000 രൂപമുതൽ ഒന്നരലക്ഷം രൂപവരെയാണ് ഈ ഇനത്തിലുള്ള കഴുതകൾക്ക് വില വരുന്നത്. പാലിനാകട്ടെ 6,000 രൂപയും. ചോളത്തണ്ട്, ചോളപ്പൊടി, പച്ചപ്പുല്ല്, ഉണക്കപ്പുല്ല്, തവിട്, പിണ്ണാക്ക് എന്നിവയാണ് തീറ്റയായി നൽകാറുള്ളത്. കർഷകനായ അച്ഛൻ ബാഷിൽനിന്നാണ് കന്നുകാലി വളർത്തിലിനോടുള്ള ഇഷ്ടം തുടങ്ങുന്നത്. അച്ഛന്റെ പശുക്കളെ വിറ്റ പണവും ഗ്രാമീൺ ബാങ്കിൽനിന്നെടുത്ത തുകയുമാണ് ഫാം തുടങ്ങാനുള്ള മുടക്കുമുതൽ. എല്ലാ കഴുതകളിൽ നിന്നുമായി ദിവസം ശരാശരി മൂന്നര-നാല് ലിറ്റർ പാല് കിട്ടും. തിരുനെൽവേലിയിലെ ഒരു ഫാമിൽനിന്നുള്ളവർ മാസത്തിലൊരിക്കൽ എത്തിയാണ് ഫ്രീസ് ചെയ്ത പാൽ ശേഖരിക്കുന്നത്.
ലിറ്ററിന് ആറായിരം രൂപവരെ വിലയുണ്ടെങ്കിലും വിതരണം ഇടനിലക്കാരിലൂടെയായതിനാൽ വാഹനച്ചെലവും കഴിച്ച് ലിറ്ററിന് 1600 രൂപമാത്രമേ യദുവിന് കിട്ടുന്നുള്ളൂ. ഫ്രീസറിൽ പാൽക്കട്ടിയായി അഞ്ചുമാസംവരെ സൂക്ഷിക്കാം. സോപ്പിലും സൗന്ദര്യവർധക വസ്തുക്കളിലും കൂടുതലായി ഉപയോഗിക്കുന്ന കഴുതപ്പാൽ പ്രതിരോധശേഷി ഏറെയുള്ള ഉത്തമപാനീയമാണെന്ന് യദു പറയുന്നു. കഴുതവളർത്തലിന് എല്ലാവരും വലിയ പൻതുണയാണ് നൽകുന്നത്. സുഹൃത്തുക്കളെല്ലാം നല്ല സപ്പോർട്ടാണ്. ഇടയ്ക്ക് ഫാം സന്ദർശിക്കാനും സഹായിക്കാനും അവർ സമയം കണ്ടെത്താറുണ്ട്. ‘ഡോങ്കീസ് മിൽക്ക്: ദ ലിക്വിഡ് ഗോൾഡ്’ എന്നാണ് യദുവിന്റെ വാചകം ഫാമിൽ എഴുതിവെച്ചിട്ടുമുണ്ട്.
യാത്രയ്ക്കിടയിൽ ലഘുഭക്ഷണം ആയാലോ? ബസുകളിൽ സൗകര്യമൊരുക്കാൻ കെഎസ്ആർടിസി