മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തില് സമസ്തയുടെ വോട്ടുകള് ചോരാതിരിക്കാന് കരുനീക്കങ്ങളുമായി മുസ്ലിം ലീഗ്. യുഡിഎഫ് ബന്ധം ശക്തമാക്കി കോണ്ഗ്രസ് വോട്ട് പരമാവധി സമാഹരിക്കാനാണ് പ്രാദേശിക നേതൃത്വങ്ങള്ക്ക് നിര്ദേശം നല്കിയിരിക്കുന്നത്. മുന്നണി ഐക്യത്തിനോടൊപ്പം അബ്ദുസമദ് സമദാനിയുടെ വ്യക്തിപ്രഭാവം കൂടിയാകുമ്പോള് യുഡിഎഫ് വോട്ട് കാര്യമായി ചോരില്ലെന്നാണ് ലീഗിന്റെ പ്രതീക്ഷ.
പൊന്നാനി പാര്ലമെന്റ് മണ്ഡലത്തില് ഏഴ് അസംബ്ലി സീറ്റില് നാലിടത്തും എല്ഡിഎഫാണെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പില് കോട്ടയ്ക്കല്, തിരൂരങ്ങാടി, തിരൂര് മണ്ഡലങ്ങളിലെ വലിയ ഭൂരിപക്ഷത്തിലാണ് ലീഗ് മുന്നിലെത്താറുള്ളത്. ഇകെ വിഭാഗം സുന്നികള്ക്ക് നിര്ണായക സ്വാധീനമുള്ള പ്രദേശങ്ങളാണിത്. സമസ്തയുടെ പ്രഹരം ലീഗ് ഏറെ ഭയക്കുന്നതും ഈ മണ്ഡലങ്ങളിലാണ്. ഇടഞ്ഞാല് ലീഗിനാണ് നഷ്ടമെന്ന് ബോധ്യപ്പെടുത്താന് സമസ്ത ശ്രമിച്ചാല് വോട്ടുചോരാം. സംഘടനാപരമായി സമസ്ത ഇതിനു തുനിയില്ല. അതേസമയം സമസ്തയുടെ പണ്ഡിതരെ അപമാനിച്ചവര്ക്ക് മറുപടി നല്കേണ്ടത് അഭിമാന പ്രശ്നമാണെന്നും ഇല്ലെങ്കില് ലീഗിനു കൂടുതല് വിധേയപ്പെടേണ്ടി വരുമെന്നും കാട്ടി ലീഗ് വിരുദ്ധര് നീക്കങ്ങള് ശക്തമാക്കിയിട്ടുമുണ്ട്.
ഇഷ്ടമുള്ളവര്ക്ക് വോട്ടു ചെയ്യാമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവനയും ഇക്കൂട്ടര് കൂട്ടുപിടിക്കുന്നുണ്ട്. പ്രതിഷേധമായി വോട്ടു ചെയ്യാതെ മറിനില്ക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്. ലീഗ് സ്ഥാനാര്ഥിയെ പരാജയപ്പെടുത്താതെ ഭൂരിപക്ഷം കുറച്ച് മറുപടി നല്കണമെന്ന പക്ഷക്കാരും സമസ്തയിലുണ്ട്. ഇത് മറികടക്കാന് താനൂര്, തവനൂര്, തൃത്താല, പൊന്നാനി മണ്ഡലങ്ങളില് വോട്ടു വിഹിതം ഉയര്ത്താനാണ് ലീഗിന്റെ പദ്ധതി. ജിഫ്രി തങ്ങളുടെ വസതിയിലെത്തി സമദാനി സൗഹൃദം പങ്കിടുന്നതിന്റെ ദൃശ്യങ്ങള് ലീഗ് സൈബര് വിംഗ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പ്രചാരണത്തിന് കോണ്ഗ്രസിന്റെ മുന്നിര നേതാക്കളെ ഇറക്കി ഐക്യസന്ദേശം താഴെത്തട്ടില് എത്തിക്കാനും ലീഗ് നീക്കം നടക്കുന്നുണ്ട്.