കൊച്ചി: വന്ദേഭാരത് എക്സ്പ്രസിലെ പ്രഭാത ഭക്ഷണത്തില് പാറ്റ. ഇന്ന് പുലര്ച്ചെ തിരുവനന്തപുരത്ത് നിന്നും കാസര്കോടേക്ക് പുറപ്പെട്ട ട്രെയിനിലെ ഭക്ഷണത്തില് നിന്നാണ് യാത്രക്കാരന് പാറ്റയെ ലഭിച്ചത്. എറണാകുളത്ത് നിന്നും ട്രെയിന് കയറിയ യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായത്.
മുട്ടക്കറിയില് നിന്നാണ് പാറ്റയെ ലഭിച്ചത്. ഉടന് തന്നെ സംഭവം കാറ്ററിംഗ് വിഭാഗത്തെ അറിയിച്ചു. പരാതിപ്പെട്ടതോടെ കാറ്ററിംഗ് ജീവനക്കാരന് ക്ഷമ ചോദിച്ചതായും യാത്രക്കാരന് പ്രതികരിച്ചു.
'വന്ദേഭാരതിലെ നോണ് വെജ് പ്രഭാതഭക്ഷണമാണിത്. അക്ഷരാര്ത്ഥത്തില് അത് നോണ്വെജ് ആയിരുന്നു' എന്നെഴുതികൊണ്ട് യാത്രക്കാരന് ചിത്രം അടക്കം സോഷ്യല്മീഡിയയില് പങ്കുവെച്ചിട്ടുണ്ട്.
അതേസമയം കണ്സ്യൂമര് കോടതിയില് പരാതി നല്കാനാണ് യാത്രക്കാരന്റെ തീരുമാനം. വന്ദേഭാരത് പോലൊരു ട്രെയിനില് ഇത്തരമൊരു ദുരനുഭവം ഉണ്ടാവരുതായിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരേണ്ടതാണല്ലോ. ഇതിപ്പോള് പഴയപോലെ തന്നെയാണല്ലോയെന്നും യാത്രക്കാരന് ചോദിക്കുന്നു.
വന്ദേഭാരത് ട്രെയിനുകളില് വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്ക്കെതിരെ നേരത്തെയും പരാതി ഉയര്ന്നിരുന്നു. സമാനമായ രീതിയില് ഭക്ഷണപൊതിയില് ചത്ത പാറ്റയെ കണ്ടെത്തിയെന്നായിരുന്നു പരാതി. പ്രധാനമന്ത്രി നരേന്ദ്രമോദി, അശ്വിനി വൈഷ്ണവ്, ജബല്പൂര് ജിആര്എം, സെന്ട്രല് റെയില്വെ മന്ത്രാലയം, ഐആര്സിടിസി എന്നിവരെ ടാഗ് ചെയ്ത് യാത്രക്കാരന് ട്വീറ്റ് ചെയ്യുകയായിരുന്നു. തുടര്ന്ന് ക്ഷമാപണവുമായി ഐആര്സിടിസി രംഗത്തെത്തിയിരുന്നു.