കാവല്ക്കാര് തന്നെ കവര്ച്ചക്കാരായാല് അതിജീവിതകള് എന്ത് ചെയ്യും?; അവള്ക്കൊപ്പമെന്ന് കെ കെ രമ

നീതിന്യായ വ്യവസ്ഥയ്ക്ക് ഈ തീരാകളങ്കമേല്പിച്ചവര് എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെട്ടേ മതിയാവൂവെന്നും രമ

dot image

വടകര: നടി ആക്രമിക്കപ്പെട്ട കേസില് അതിജീവിതയ്ക്ക് പൂര്ണ്ണ പിന്തുണയുമായി കെ കെ രമ എംഎല്എ. കാവല്ക്കാര് തന്നെ കവര്ച്ചക്കാരായി മാറിയാല് താനടക്കമുള്ള അതിജീവിതകള് എങ്ങോട്ടുപോവണമെന്നും എന്തു ചെയ്യണമെന്നുമുള്ള സങ്കടവും രോഷവുമാണ് അതിജീവിതയായ ചലച്ചിത്ര നടി പങ്കുവെച്ചതെന്ന് കെ കെ രമ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

തന്റെ കേസുമായി ബന്ധപ്പെട്ട മെമ്മറികാര്ഡിന്റെ ഹാഷ് വാല്യു പലവട്ടം മാറിയെന്ന് കണ്ടെത്തിയ ജൂഡീഷ്യല് അന്വേഷണ റിപോര്ട്ടിന്റെ പകര്പ്പ് തനിക്ക് ലഭിച്ചു എന്നും അത് ഞെട്ടിക്കുന്നതാണെന്നും അതിജീവിത എഴുതി. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന് ബാധ്യതപ്പെട്ട നീതിപീഠത്തിന്റെ കയ്യില് നിന്ന് തന്നെയാണ് ഈ ദുരന്തം സംഭവിച്ചത് എന്നത് അതീവ ഗുരുതരവും അങ്ങേയറ്റം ലജ്ജാകരവുമായ സംഭവമാണ്. സ്വകാര്യതയുടെ സംരക്ഷണം ഒരു വ്യക്തിയുടെ മൗലികാവകാശവും പരിഷ്കൃത സമൂഹത്തിന്റെ ധാര്മ്മികവും നിയമപരവുമായ ബാധ്യതയുമാണ്.

ഏറെ പൊതുജന ശ്രദ്ധയുണ്ടായ, ഇവരെ പോലെ പ്രശസ്തയായ ഒരു വ്യക്തിയുടെ കേസില് പോലും ഇതാണ് സ്ഥിതിയെങ്കില് സാധാരണക്കാരും പാവങ്ങളുമെങ്ങനെയാണ് നീതിന്യായ വ്യവസ്ഥയില് വിശ്വസിക്കുകയെന്നും കെ കെ രമ ചോദിച്ചു. നീതിന്യായ വ്യവസ്ഥയ്ക്ക് ഈ തീരാകളങ്കമേല്പിച്ചവര് എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെട്ടേ മതിയാവൂവെന്നും താന് അവള്ക്കൊപ്പമാണെന്നും രമ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്ണായക തെളിവായ മെമ്മറി കാര്ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില് പുറത്തുവന്ന അന്വേഷണ റിപ്പോര്ട്ടിലാണ് അതിജീവിത പ്രതികരിച്ചത്. പീഡനദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്ഡുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്ട്ടില് ഹൈക്കോടതി ജഡ്ജിനെതിരെ അടക്കമാണ് ഗുരുതര ആരോപണം ഉള്ളത്. ഹൈക്കോടതി ജസ്റ്റിസ് കൗസര് എടപ്പഗത്തിനെതിരെയാണ് ആരോപണം ഉയര്ന്നിരിക്കുന്നത്. പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്ഡ് ജസ്റ്റിസ് പേഴ്സണല് കസ്റ്റഡിയില് വെച്ചെന്നാണ് റിപ്പോര്ട്ടിലുള്ളത്. മെമ്മറി കാര്ഡ് സീല് ചെയ്ത കവറില് സൂക്ഷിക്കണമെന്നാണ് നിയമം എന്നിരിക്കെയാണ് ജഡ്ജിന്റെ ഭാഗത്തുനിന്ന് തന്നെ ഗുരുതര വീഴ്ച വന്നിരിക്കുന്നത്.

മെമ്മറി കാര്ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന് അന്വേഷണ റിപ്പോര്ട്ട് പറയുന്നു. ജഡ്ജ് ഹണി എം വര്ഗീസ് ആണ് മെമ്മറി കാര്ഡ് സംബന്ധിച്ച അന്വേഷണം നടത്തിയത്. 2018 ജനുവരി 9ന് മെമ്മറി കാര്ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റ് ആണെന്ന് റിപ്പോര്ട്ട് പറയുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാര്ഡ് പരിശോധിച്ചത് രാത്രി 9.58നാണ്. 2018 ഡിസംബര് 13ന് മെമ്മറി കാര്ഡ് പരിശോധിച്ചത് ജില്ലാ പ്രിന്സിപ്പാള് സെഷന്സ് കോടതി ബെഞ്ച് ക്ലാര്ക്ക് ആണ്. ബെഞ്ച് ക്ലാര്ക്ക് മഹേഷ് മോഹന് മെമ്മറി കാര്ഡ് പരിശോധിച്ചത് നിയമ വിരുദ്ധമായാണ്. രാത്രി 10.58നാണ് മഹേഷ് മോഹന് മെമ്മറി കാര്ഡ് പരിശോധിച്ചതെന്നും റിപ്പോര്ട്ടിലുണ്ട്. മഹേഷ് നിയമവിരുദ്ധമായി മെമ്മറി കാര്ഡ് പരിശോധിച്ചത് ജസ്റ്റിസ് കൗസര് എടപ്പഗത്തിന്റെ നിര്ദ്ദേശ പ്രകാരമെന്നും റിപ്പോര്ട്ടിലുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us