പത്തനംതിട്ട: ലവ് ജിഹാദ് ഒരു വെല്ലുവിളിയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ബിജെപിയല്ല, ക്രിസ്തീയ പുരോഹിതരായ ചിലരാണ് ലവ് ജിഹാദ് എന്നു ആദ്യം പറഞ്ഞത്. മുന് ഡിജിപി അടക്കം കാര്യങ്ങള് സൂചിപ്പിച്ചിരുന്നുവെന്നും മീനാക്ഷി ലേഖി പറഞ്ഞു. ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ മീനാക്ഷി ലേഖി പത്തനംതിട്ടയില് നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.
ലവ് ജിഹാദ് വെല്ലുവിളി തന്നെയാണ്. എല്ലാ സമുദായങ്ങളും ഒരുമിച്ച് എതിര്ക്കണം. ലവ് ജിഹാദ് വിഷയത്തില് ഹൈക്കോടതി പറഞ്ഞതടക്കമുള്ള കാര്യങ്ങളാണ് താന് ചൂണ്ടികാണിച്ചത്. സുപ്രീം കോടതി ലവ് ജിഹാദ് ഇല്ലെന്നു പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു.
കേരളത്തില് അവസരങ്ങള് ഇല്ലാത്തതിനാലാണ് വിദ്യാര്ത്ഥികള് വിദേശത്തേക്ക് പോകുന്നത്. ഗുജറാത്തില് സഹകരണ സംഘങ്ങള് നല്ല രീതിയില് പ്രവര്ത്തിക്കുമ്പോള് കേരളത്തിലെ സഹകരണ സംഘങ്ങള് അഴിമതിയും തട്ടിപ്പും നടത്തുകയാണെന്നും മീനാക്ഷി ലേഖി ആരോപിച്ചു. യുഡിഎഫും എല്ഡിഎഫും സമൂഹത്തെ വിഘടിപ്പിക്കുകയാണ്. സിഎഎ രാജ്യത്തിന്റെ നിയമമാണ്. അത് ചിന്തിക്കുന്ന ജനങ്ങളാണ് രാജ്യത്തുള്ളതെന്നും മീനാക്ഷി ലേഖി പറഞ്ഞു.