ആലപ്പുഴ: കായംകുളത്ത് ഉത്സവത്തിനിടെ പൊലീസിനെ മർദിച്ച പ്രതി ഒളിവിൽ കഴിഞ്ഞത് സിപിഐഎം ഓഫീസിൽ. ഡിവൈഎഫ്ഐ കൃഷ്ണപുരം മേഖലാ പ്രസിഡൻ്റ് അനന്ദു രാജാണ് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ ഒളിവിൽ കഴിഞ്ഞത്. ഒരു വിഭാഗം നേതാക്കൾ എതിർത്തതിനെ തുടർന്ന് പിന്നീട് പാർട്ടി ഓഫീസിൽ നിന്ന് മാറുകയായിരുന്നു.
ദേവികുളങ്ങരയിൽ ഉത്സവ കെട്ടുകാഴ്ച്ചക്കിടെ രണ്ടു പൊലീസുകാർക്ക് മർദനമേറ്റ സംഭവത്തിലെ പ്രതിയാണ് അനന്ദു രാജ്. കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം പൊലീസുകാരെ മർദിക്കുകയായിരുന്നു. അക്രമി സംഘത്തിലെ 15 അംഗ സംഘത്തിൽ പിടിയിലായത് മൂന്നു പേർ മാത്രമാണ്.
സിപിഐഎം ഏരിയ സെക്രട്ടറിയുടെ താൽക്കാലിക ഡ്രൈവറായി പ്രവർത്തിക്കുന്ന ആളാണ് അനന്ദു രാജ്. കേസിൽ പിടിയിലായവരും ദൃക്സാക്ഷികളും അനന്ദുവിനെതിരെ മൊഴി നൽകിയിരുന്നു. അനന്ദുവിനെ പിടികൂടാതിരിക്കാൻ പൊലീസിനു മേൽ ഒരു വിഭാഗം സിപിഐഎം നേതാക്കളുടെ സമ്മർദ്ദമുണ്ട്.
ഉത്സവ കെട്ടുകാഴ്ച്ച കടന്നുപോകുന്നതിനാൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് വൈദ്യുതി വിഛേദിച്ചിരുന്നു. രാത്രി എട്ടുമണിയായിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനാൽ നാട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് സിപിഒമാരായ പ്രവീൺ, സതീഷ് എന്നിവർ സ്ഥലത്തെത്തി വൈദ്യുതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലി കെട്ടുകാഴ്ചയുടെ സംഘാടകരും നാട്ടുകാരിൽ ചിലരുമായി തർക്കമുണ്ടായി. പിന്നാലെ പതിനഞ്ചോളം വരുന്ന സംഘം പൊലീസുകാരെ മർദിക്കുകയായിരുന്നു. മർദനത്തിൽ കണ്ണിനും മുഖത്തും ഗുരുതര പരിക്കേറ്റ സിപിഒ പ്രവീണിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സതീഷ് കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ബിജെപി പ്രകടനപത്രിക 'സങ്കൽപ്പ് പത്ര്' നാളെ പുറത്തിറക്കും