പത്തനംതിട്ട: ബിജെപി നേതാവ് പ്രകാശ് ജാവദേക്കർക്കെതിരായ ടി ജി നന്ദകുമാറിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് പത്തനംതിട്ട ലോക്സഭാ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി. ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ നാഷണൽ ഓഫീസ് ബെയറർക്കെതിരെയാണ് നന്ദകുമാർ ആരോപണം ഉന്നയിച്ചത്. ഒരു തെളിവുമില്ലാതെ വെറുതെ വ്യക്തിഹത്യ നടത്തിയവരെ വെറുതെ വിടില്ല. നന്ദകുമാർ ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്തയാളാണ്. പ്രകാശ് ജാവദേക്കറിനെ ഏതെങ്കിലും രീതിയിൽ നന്ദകുമാർ കളിപ്പിച്ച് കാണും. നന്ദകുമാർ പലയിടത്തും വക്കീൽ ആണ് എന്ന് പറഞ്ഞ് നടക്കുന്ന ആൾ ആണ്. ജാവദേദ്ക്കറുമായി ഇക്കാര്യം ചർച്ച ചെയ്യാൻ തനിക്ക് സമയം കിട്ടിയിട്ടില്ല. കോൺഗ്രസ് നേതാക്കൾക്കാണ് നന്ദകുമാറുമായി ഏറ്റവും കൂടുതൽ ബന്ധമുള്ളത്. വികസനത്തിൽ മാത്രമാണ് ഇപ്പോൾ തൻ്റെ ഫോക്കസെന്നും അനിൽ ആന്റണി പറഞ്ഞു.
കാലഹരണപ്പെട്ട എന്ന വാക്ക് ആരെയും വ്യക്തിപരമായല്ല താൻ ഉദ്ദേശിച്ചത്. രാഷ്ട്രീയത്തേക്കുറിച്ചാണ് താൻ പറഞ്ഞത്. കോൺഗ്രസിൻ്റേത് കാലഹരണപ്പെട്ട രാഷ്ട്രീയം എന്ന് ബാലറ്റിലൂടെ വോട്ടർമാർ തെളിയിച്ചു. കോൺഗ്രസ് പാർട്ടി ഇന്ന് രാജ്യം ഭരിക്കാൻ അനുയോജ്യമല്ല. എ കെ ആൻ്റണി സജീവ രാഷ്ട്രിയത്തിൽ നിന്ന് വിരമിച്ചു. എ കെ ആൻ്റണിക്ക് പാർട്ടിയിൽ ചുമതലകളൊന്നുമില്ല. 80 വയസ്സായിട്ടും ഇന്നും എം എം ഹസ്സൻ ആക്റ്റിങ്ങ് പ്രസിഡൻ്റാണ്. ഇന്ത്യ ചെറുപ്പക്കാരുടെ രാജ്യമാണ്.
ആക്റ്റിങ്ങ് പ്രസിഡൻ്റാകാൻ കോൺഗ്രസ് പാർട്ടിയിൽ ചെറുപ്പക്കാരില്ലേ എന്ന് അനിൽ ആന്റണി പരിഹസിച്ചു. എ കെ ആൻ്റണി മുപ്പത്തിയാറാം വയസ്സിൽ മുഖ്യമന്ത്രിയായ ആളാണ്. എ കെ ആൻ്റണി മുപ്പത്തിരണ്ടാം വയസ്സിൽ പിസിസി പ്രസിഡൻ്റായ ആളാണ്. ഇന്ത്യ ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പാർട്ടിയിൽ 75 വയസ്സിന് മുകളിലല്ലാതെ നേതാക്കൻമാരില്ലെ എന്നും അനിൽ ആന്ററണി ചോദിച്ചു. രാഹുൽഗാന്ധിക്ക് 55 വയസ്സായി. യുവതീ യുവാക്കൾ മോദിയുടെ വിഷനിൽ വിശ്വസിക്കുന്നു. 55 വയസ്സുള്ള രാഹുൽ ഗാന്ധി ജാതി സെൻസസിനേക്കുറിച്ച് മാത്രം പറഞ്ഞ് കൊണ്ട് നടക്കുന്നു. മുഹമ്മദാലി ജിന്നയുടെ രാഷ്ട്രീയത്തിലേക്കാണ് രാഹുൽ ഗാന്ധി പോകുന്നത്. രാഹുൽ ഗാന്ധി അമ്പത്തിയഞ്ചാം വയസ്സിൽ യൂത്ത് ലീഡർ എന്ന് പറഞ്ഞ് നടക്കുകയാണ്. അമ്പത് വയസ്സ് പോലുമില്ലാത്ത മുഖ്യമന്ത്രിമാർ ബിജെപിക്കുണ്ടെന്നും അനിൽ ആന്റണി പരിഹസിച്ചു.
യോഗി ആദിത്യനാഥ് രാഹുലിനേക്കാൾ ചെറുപ്പമാണ്. അവരാരും യൂത്ത് ലീഡർ എന്ന് പറഞ്ഞ് നടക്കുന്നില്ല. അമിത് ഷാ രാഹുലിനേക്കാൾ മൂന്ന് വയസ്സ് മൂത്തയാൾ മാത്രമാണ്. മൈക്ക് മുന്നിൽ കിട്ടിയാൽ രാജ്യത്തിന് വേണ്ടി താൻ പ്രവർത്തിക്കും എന്ന് കോൺഗ്രസുകാർ പറയില്ല. ഗാന്ധി കുടുംബത്തിന് വേണ്ടി പ്രവർത്തിക്കും എന്ന് മാത്രം കോൺഗ്രസുകാർ പറയുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരട്ടി അംഗങ്ങളുള്ള പാർട്ടിയാണ് ബിജെപി. കോൺഗ്രസ് പാർട്ടിയിലെ നേതാക്കളെ കാണുമ്പോൾ തനിക്ക് സഹതാപം മാത്രമാണ്. കോൺഗ്രസ് നേതാക്കൾ ഇന്നും മറ്റൊരു യുഗത്തിൽ ജീവിക്കുകയാണ്. ഗാന്ധി കുടുംബത്തോടാണ് കൂറെന്ന് കോൺഗ്രസുകാർ എപ്പോഴും പറയുന്നുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം വേണമെങ്കിൽ കുറഞ്ഞത് പത്ത് ശതമാനം സീറ്റ് വേണമെന്നും അനിൽ ആന്ററണി പറഞ്ഞു.