തിരുവനന്തപുരം: കേരളം മതമൈത്രിയുടേതാണെന്ന് സമ്മതിക്കുന്നുണ്ടേയെന്ന ചോദ്യത്തില് നിന്നും ഒഴിഞ്ഞുമാറി ബിജെപി സ്ഥാനാര്ത്ഥി രാജീവ് ചന്ദ്രശേഖര്. ഇന്ന് വിഷു ആശംസകള് നേരാനാണ് സമ്മേളനം വിളിച്ചതെന്നും ചോദ്യത്തിന് നാളെ മറുപടി പറയാമെന്നും വി വി രാജേഷ് പറഞ്ഞു. ചോദ്യം സ്ഥാനാര്ത്ഥിയോടാണെന്ന് ആവര്ത്തിച്ചെങ്കിലും രാജീവ് ചന്ദ്രശേഖര് ഒഴിഞ്ഞുമാറി.
രാജീവ് ചന്ദ്രശേഖര്, ശോഭന, വിവി രാജേഷ് എന്നിവരായിരുന്നു തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടത്. പ്രധാനമന്ത്രിയുടെ പരിപാടിയില് പങ്കെടുക്കാന് ക്ഷണം ലഭിച്ചതിനാലാണ് വിഷു ദിനം കേരളത്തില് എത്തിയതെന്നും രാജീവ് ചന്ദ്രശേഖറിന് തന്റെ പൂര്ണ്ണപിന്തുണയുണ്ടെന്നും ശോഭന പ്രതികരിച്ചു. നാളെ പ്രധാനമന്ത്രിയുടെ പരിപാടിയിലും ശോഭന പങ്കെടുക്കും.
എന്ഡിഎക്കായി തിരുവനന്തപുരത്ത് ശോഭനയുടെ റോഡ് ഷോ; രാഷ്ട്രീയ പ്രവേശനത്തിനും നടിയുടെ മറുപടിബിജെപിയില് അംഗത്വമെടുക്കുമോയെന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെയെന്നായിരുന്നു മറുപടി. മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെ. ഇപ്പോള് നടി മാത്രമാണ്. ബാക്കിയെല്ലാം പിന്നീടെന്നും ശോഭന പ്രതികരിച്ചു. ശോഭനയ്ക്ക് രാജീവ് ചന്ദ്രശേഖര് വിഷു കൈനീട്ടം നല്കി.
അതിനിടെ വാര്ത്താ സമ്മേളനം പുരോഗമിക്കവെ ആശംസയര്പ്പിച്ചുകൊണ്ടുള്ള ഫ്ളക്സ് അഴിഞ്ഞുവീണു. അപ്രതീക്ഷീതമായി സംഭവത്തില് ശോഭന ഞെട്ടി. പ്രധാനമന്ത്രിയുടെയും രാജീവ് ചന്ദ്രശേഖറിന്റെയും വിഷു ആശംസകള് നേര്ന്നുള്ള ഫ്ളക്സാണ് അഴിഞ്ഞു വീണത്.