കൊച്ചി: കൊച്ചിയില് നടിയെ ആക്രമിച്ച കേസില് മെമ്മറി കാര്ഡ് പരിശോധിച്ച കേസിലെ അന്വേഷണ റിപ്പോര്ട്ടിന്റെ മൊഴിപ്പകര്പ്പ് നല്കണമെന്ന ഉത്തരവിനെതിരെ നടനും കേസിലെ എട്ടാംപ്രതിയുമായ ദിലീപ് അപ്പീല് സമര്പ്പിച്ചു. ഹൈക്കോടതി ഡിവിഷന് ബെഞ്ചിലാണ് അപ്പീല് നല്കിയത്. മൊഴിപ്പകര്പ്പ് നല്കുന്നത് നിയമ വിരുദ്ധമെന്ന് അപ്പീലില് ചൂണ്ടിക്കാട്ടി. തീര്പ്പാക്കിയ ഹര്ജിയില് ഉത്തരവിറക്കിയത് തെറ്റെന്നും അപ്പീലില് ചൂണ്ടിക്കാട്ടി.
മെമ്മറി കാര്ഡ് അന്വേഷണ ഹര്ജിയിലെ എതിര്കക്ഷിയായ ദിലീപിനെ പട്ടികയില് നിന്ന് ഒഴിവാക്കണമെന്ന് അതിജീവിത സിംഗിള് ബെഞ്ചിന് മുന്നില് ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്ഡ് കേസില് ദിലീപിന്റെ താല്പര്യമെന്തെന്നും അന്വേഷണത്തെയും മൊഴിപ്പകര്പ്പ് നല്കുന്നതിനെയും എട്ടാം പ്രതി എതിര്ക്കുന്നതെന്തിനെന്നുമായിരുന്നു അതിജീവിതയുടെ വാദം. കൊച്ചിയില് നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്ഡ് മൂന്ന് തവണ നിയമ വിരുദ്ധമായി പരിശോധിച്ചെന്ന വാര്ത്ത റിപ്പോര്ട്ടര് ടിവിയാണ് പുറത്തുവിട്ടത്.
നടിയെ ആക്രമിച്ച കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്നാണ് അന്വേഷണ റിപ്പോര്ട്ട്. ജഡ്ജ് ഹണി എം വര്ഗീസ് ആണ് മെമ്മറി കാര്ഡ് സംബന്ധിച്ച അന്വേഷണം നടത്തിയത്. അവര് ഹൈക്കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്.
2018 ജനുവരി 9ന് മെമ്മറി കാര്ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റ് ആണെന്ന് റിപ്പോര്ട്ട് പറയുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാര്ഡ് പരിശോധിച്ചത് രാത്രി 9.58നാണ്. 2018 ഡിസംബര് 13ന് മെമ്മറി കാര്ഡ് പരിശോധിച്ചത് ജില്ലാ പ്രിന്സിപ്പാള് സെഷന്സ് കോടതി ബെഞ്ച് ക്ലാര്ക്ക് ആണ്.
ബെഞ്ച് ക്ലാര്ക്ക് മഹേഷ് മോഹന് മെമ്മറി കാര്ഡ് പരിശോധിച്ചത് നിയമ വിരുദ്ധമായാണ്. രാത്രി 10.58നാണ് മഹേഷ് മോഹന് മെമ്മറി കാര്ഡ് പരിശോധിച്ചതെന്നും റിപ്പോര്ട്ടിലുണ്ട്. മെമ്മറി കാര്ഡ് ഉപയോഗിച്ച വിവോ ഫോണ് ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്ട്ട് പറയുന്നു. ശിരസ്തദാര് താജുദ്ദീന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള് കണ്ടതെന്നാണ് റിപ്പോര്ട്ടിലുള്ളത്. വിചാരണ കോടതിയില് മെമ്മറി കാര്ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോര്ട്ടിലുണ്ട്.