അബ്ദു റഹീമിന്റെ മോചനത്തിനായുള്ള നടപടികള് ഇന്ന് തുടങ്ങും; രണ്ട് ദിവസത്തിനകം തുക കൈമാറാന് ലക്ഷ്യം

ഇരുവിഭാഗത്തിന്റെയും അഭിഭാഷകര് ഇന്ന് ഹാജരാകും.

dot image

കൊച്ചി: സൗദി അറേബ്യയില് ജയിലില് കഴിയുന്ന മലയാളി കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായുള്ള സൗദി കോടതിയിലെ നടപടികള് ഇന്ന് ആരംഭിക്കും. ഈദ് അവധി കഴിഞ്ഞ് തുറക്കുന്ന കോടതിയില് രേഖകള് ഹാജരാക്കും. ഇരുവിഭാഗത്തിന്റെയും അഭിഭാഷകര് ഇന്ന് ഹാജരാകും.

അബ്ദു റഹീമിന്റെ മോചനത്തിന് ആവശ്യമായ ബ്ലഡ് മണി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. സൗദി കുടുംബത്തിന്റെ അനുമതി പത്രം ഔദ്യോഗികമായി ലഭിക്കുന്നതോടെ നടപടികള് വേഗത്തിലാക്കും. ബ്ലഡ് മണിയായ 34 കോടി രൂപ ഇന്ത്യന് എംബസിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് റഹീം നിയമസഹായ കമ്മിറ്റി ബാങ്ക് പ്രതിനിധികളുമായി ചര്ച്ച നടത്തും.

മൂന്ന് ബാങ്കുകളിലെ അക്കൗണ്ടുകള് വഴിയായിരുന്നു തുക സമാഹരിച്ചത്. രണ്ട് ദിവസത്തിനകം പണം എംബസിയിലേക്ക് കൈമാറുകയാണ് ലക്ഷ്യം. കോടതിയുടെ അനുമതി ലഭിച്ചാലുടന് എംബസി വഴി തുക സൗദി കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറും. റഹീം തിരിച്ചെത്തുന്നതുവരെ ഫണ്ട് സമാഹരണത്തിനായി രൂപീകരിച്ച ട്രസ്റ്റ് നിലനിര്ത്താനാണ് തീരുമാനം. അക്കൗണ്ടിലേക്ക് അധികമായി ലഭിച്ച തുക എന്തുചെയ്യണമെന്നതില് പിന്നീട് തീരുമാനം എടുക്കും.

അബ്ദു റഹീമിനും കുടുംബത്തിനും വീടൊരുക്കി നല്കാമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. നിലവിലെ തറവാട് വീട് നില്ക്കുന്നിടത്താണ് പുതിയ വീട് നിര്മ്മിച്ച് നല്കുക. നാട്ടില് മടങ്ങിയെത്തുന്ന റഹീമിന് ജോലി നല്കാമെന്ന് ബോബി ചെമ്മണ്ണൂരും അറിയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image