പകൽകൊളളയ്ക്കാണ് മോദി ഇലക്ടറൽ ബോണ്ട് എന്ന് പറയുന്നത്; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

നരേന്ദ്രമോദി ജനങ്ങളുടെ പ്രശ്നത്തിൽ നിന്ന് ഒളിച്ചോടുന്നു

dot image

കോഴിക്കോട്: ആർഎസ്എസും ബിജെപിയും ഭരണഘടനയെ നശിപ്പിക്കുന്നുവെന്നും കോൺഗ്രസ് ഭരണഘടനയെ സംരക്ഷിക്കാൻ നിലനിൽക്കുന്നുവെന്നും വ്യക്തമാക്കി രാഹുൽ ഗാന്ധി. വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ കൊടിയത്തൂരിൽ ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി ജനങ്ങളുടെ പ്രശ്നത്തിൽ നിന്ന് ഒളിച്ചോടുന്നു. കടലിനടിയിലും ആകാശത്തും അദ്ദേഹത്തെ കാണാം. എന്നാൽ വിലക്കയറ്റം പോലുള്ള ജനകീയ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി അഴിമതി മറിച്ചു വെയ്ക്കാൻ ശ്രമിച്ചു. ഇലക്ടറൽ ബോണ്ട് അഴിമതി മറയ്ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സിബിഐയെ ഉപയോഗിച്ച് ഇലക്ടറൽ ബോണ്ട് വഴി പണം സമാഹരിച്ചു. സർക്കാരിൻ്റെ റോഡ് നിർമാണ കരാർ നൽകിയ കരാറുകാരനിൽ നിന്നും ബോണ്ട് സ്വീകരിച്ചു. തെരുവ് ഗുണ്ടകളെ പോലെ കൊള്ളയടിക്കുകയാണ് നരേന്ദ്രമോദി. പകൽകൊളളയ്ക്കാണ് മോദി ഇലക്ടറൽ ബോണ്ട് എന്ന് പറയുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇലക്ടറൽ ബോണ്ടിനെ കുറിച്ച് മാധ്യമങ്ങൾ പറയുന്നില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ദരിദ്ര കുടുംബങ്ങളുടെ പട്ടിക ഉണ്ടാക്കുമെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി ദരിദ്ര കുടുംബങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു സ്ത്രീയുടെ അക്കൗണ്ടിൽ കോൺഗ്രസ് ഓരോ വർഷവും ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്നും ചൂണ്ടിക്കാണിച്ചു. തൊഴിലില്ലായ്മ പരിഹരിക്കും. കർഷകർക്ക് താങ്ങുവില ഉറപ്പുനൽകും. ഒരു നികുതി, ഏറ്റവും കുറഞ്ഞ നികുതി എന്നത് നടപ്പിലാക്കും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അഗ്നിപഥ് പദ്ധതി കോൺഗ്രസ് റദ്ദാക്കുമെന്നും കേന്ദ്ര സർക്കാർ ജോലിയിലെ കരാർ നിയമനങ്ങൾ റദ്ദാക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

രാത്രിയാത്ര നിരോധനം, വന്യ ജീവി സംഘർഷം, വയനാട് മെഡിക്കൽ കോളജ് എന്നീ പ്രധാന വിഷയങ്ങൾ വയനാട്ടിലുണ്ട്. ഈ മൂന്ന് പ്രശ്നങ്ങളും പരിഹരിയ്ക്കാൻ ഇടപെടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുല് ഗാന്ധിയുടെ ജനസമ്പർക്ക പരിപാടി രണ്ടാം ദിവസവും തുടരുകയാണ്. ഇന്ന് മലപ്പുറം ജില്ലയിലാണ് കോണ്ഗ്രസിന്റെ റോഡ് ഷോ. ഏറനാട്, വണ്ടൂര്, നിലമ്പൂര് നിയമസഭാ മണ്ഡലങ്ങളിലാണ് റോഡ് ഷോ നടക്കുക.

dot image
To advertise here,contact us
dot image