തിരുവനന്തപുരം: കേരള വൈസ് ചാൻസലറുടെ വിലക്ക് ലംഘിച്ച് പ്രഭാഷണത്തിനെത്തി ജോൺ ബ്രിട്ടാസ്. 'ഇന്ത്യന് ജനാധിപത്യം, വെല്ലുവിളികളും കടമകളും' എന്ന വിഷയത്തിലുള്ള പ്രഭാഷണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടികാട്ടി നേരത്തെ കേരള വി സി വിലക്കിയിരുന്നു. ഏറ്റവും പ്രസക്തമായ വിഷയത്തെ മുൻനിർത്തിയുള്ളതാണ് പ്രഭാഷണമെന്ന് വിഷയത്തിൽ സംസാരിക്കവെ ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. വിദേശത്ത് തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ സ്ഥാനാർത്ഥികളെ വിളിച്ച് സംവാദങ്ങളും പ്രഭാഷങ്ങളും സംഘടിപ്പിക്കാറുണ്ട്. സർവകലാശാലകൾ അവരുടെ ദൗത്യം ഏറ്റെടുക്കാതെ പോകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇവിടെ നടക്കുന്നതെന്നാണ് വിലക്കുമായി ബന്ധപ്പെട്ട വിഷയത്തില് പരോക്ഷമായി ജോൺ ബ്രിട്ടാസ് സൂചിപ്പിച്ചത്. ആൽബർട്ട് ഐൻസ്റ്റിനെ പോലുള്ളവർ ഇരിക്കേണ്ട കസേരകളില് അതിന് വിരുദ്ധമായി ചിന്തിക്കുന്നവർ ഇരിക്കുമ്പോഴുണ്ടാകുന്ന ദുരവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന വിമർശനവും ബ്രിട്ടാസ് ഉന്നയിച്ചു.
48 മണിക്കൂറിനപ്പുറത്തേക്ക് ഒരു കലാപം നീങ്ങിയാൽ അതിനർത്ഥം ശക്തരായ കരങ്ങൾ അതിനു പിന്നിൽ ഉണ്ടെന്നാണെന്ന് മണിപ്പൂർ കലാപം ചൂണ്ടിക്കാണിച്ച് ജോൺ ബ്രിട്ടാസ് പറഞ്ഞു. 11 മാസമായി മണിപ്പൂർ കത്തുന്നു. ഇതിന് പിന്നിൽ ആരെന്ന് പാർലമെൻറിൽ ചർച്ച ചെയ്യേണ്ടേയെന്നും ബ്രിട്ടാസ് ചോദിച്ചു. ആ ജനതയെ കൈപിടിച്ചുയർത്തേണ്ട ഉത്തരവാദിത്വം പാർലമെൻറിൽ ഉണ്ട്. ദൗര്ഭാഗ്യവശാൽ അത് നടക്കുന്നില്ല. തന്റെ വകുപ്പിനെ കുറിച്ചുള്ള ഒരു ചോദ്യത്തോടു പോലും പ്രധാനമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചു. മതപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയല്ല പാർലമെൻറ് എന്നാണ് തൻ്റെ നിലപാടെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
ഇതിനിടെ യോഗം നടത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷനിൽ റിപ്പോർട്ട് ചെയ്യുമെന്ന് കേരള സർവ്വകലാശാല വ്യക്തമാക്കി. തുടർനടപടി കമ്മീഷൻ സ്വീകരിക്കട്ടെ എന്നാണ് സർവകലാശാലയുടെ നിലപാട്.