കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജഡ്ജ് ഹണി എം വർഗീസ് സുപ്രീം കോടതി മാർഗ്ഗനിർദ്ദേശം ലംഘിച്ചു. വിചാരണക്കോടതിയിൽ മെമ്മറി കാർഡ് കൈകാര്യം ചെയ്തത് അലക്ഷ്യമായാണ്. 2021 ജൂലായ് 19ന് മെമ്മറി കാർഡ് ശിരസ്തദാർ താജുദ്ദീനെ ഏൽപ്പിച്ചത് ഹണി എം വർഗീസ് ആണ്. ഇത് സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണ്.
മെമ്മറി കാർഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. 2019 നവംബർ 29നാണ് ഇതുസംബന്ധിച്ച് വിചാരണക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. മെമ്മറി കാർഡ് പരിശോധിക്കുമ്പോൾ മൊബൈൽ ഫോണോ ദൃശ്യം പകർത്താൻ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. എഫ്എസ്എൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെമ്മറി കാർഡ് പരിശോധിക്കാനായിരുന്നു നിർദ്ദേശം. ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കേസിൽ പ്രതിയായ ദിലീപിനെയും സംഘത്തെയും കോടതി ദൃശ്യങ്ങൾ കാണിച്ചത്.
എല്ലാം വ്യക്തമായി അറിയുന്ന ഹണി എം വർഗീസാണ് മെമ്മറി കാർഡ് ശിരസ്തദാർ താജുദ്ദീനെ ഏൽപ്പിച്ചത്. താജുദ്ദീൻ സ്വന്തം മൊബൈലിൽ മെമ്മറി കാർഡ് പരിശോധിച്ചു. മെമ്മറി കാർഡ് പരിശോധിച്ച മൊബൈൽ ഫോൺ നഷ്ടമായെന്നാണ് താജുദ്ദീന്റെ മൊഴി. അതേസമയം, വിചാരണക്കോടതിയിൽ മെമ്മറി കാർഡ് കൈകാര്യം ചെയ്തതിൽ ദുരൂഹതയെന്ന് അതിജീവിത ആരോപിക്കുന്നു.