കാസർക്കോട്ട് മോക്പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക്; പരിശോധിക്കണമെന്ന് സുപ്രീം കോടതി

വിവിപാറ്റ് മുഴുവനായി എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ വാദം കേൾക്കവെയായിരുന്നു കാസർകോട് നടന്ന മോക് പോളിങ്ങിലെ പ്രശ്നം കോടതിയിൽ ചർച്ചയായത്

dot image

ഡൽഹി: ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മോക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപി നേതാവിന് കിട്ടിയെന്ന പരാതി പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി സുപ്രീം കോടതി. വിവിപാറ്റ് മുഴുവനായി എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ വാദം കേൾക്കവെയായിരുന്നു കാസർകോട് നടന്ന മോക് പോളിങ്ങിലെ പ്രശ്നം കോടതിയിൽ ചർച്ചയായതും അന്വേഷിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.

മോക് പോളിന്റെ ആദ്യ മൂന്ന് റൗണ്ടിലാണ് പ്രശ്നമുണ്ടായത്. എല്ലാ സ്ഥാനാർത്ഥികൾക്കും ഒരു വോട്ട് വീതം ചെയ്തപ്പോൾ ബിജെപി സ്ഥാനാർത്ഥിക്ക് അധികമായി ഒരു വോട്ട് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണന്റെയും യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെയും ഏജന്റുമാരാണ് കലക്ടർ കെ ഇമ്പശേഖറിന് പരാതി നൽകുകയായിരുന്നു. തുടർന്ന് ആദ്യഘട്ടത്തിൽ പരിശോധന നടത്തി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മോക് പോൾ നടന്നത്.

ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനു വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷനാണ് ഈ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ മുഴുവൻ വിവിപാറ്റ് രശീതികളും എണ്ണണമെന്ന ആവശ്യം സാധൂകരിക്കാൻ കാസർകോട് നടന്ന വിഷയം സുപ്രീം കോടതിയിൽ ഉന്നയിക്കുകയായിരുന്നു. ഇതോടെ ഈ വിഷയത്തിൽ പരിശോധന നടത്താൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങുന്ന ബഞ്ചാണ് പരാതി പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചത്.

ഇവിഎം ഉപയോഗിച്ച് തിരഞ്ഞെടുപ്പു നടത്തിയിരുന്ന മിക്ക യൂറോപ്യൻ രാജ്യങ്ങളും ബാലറ്റിലേക്ക് തിരിച്ചുപോയെന്ന പ്രശാന്ത് ഭൂഷന്റെ വാദം കോടതി അംഗീകരിച്ചില്ല. മറ്റു രാജ്യങ്ങളുമായി ഇന്ത്യയിലെ വോട്ടെടുപ്പിനെ താരതമ്യപ്പെടുത്താനാകില്ലെന്ന് പറഞ്ഞ കോടതി ജർമനിയിൽ ആറു കോടി വോട്ടർമാരുള്ളപ്പോൾ ഇന്ത്യയിലുള്ളത് 97 കോടി വോട്ടർമാരാണെന്നും വ്യക്തമാക്കി.

ഞാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ല; ഇൻഡ്യ മുന്നണിയെ പിന്തുണയ്ക്കുന്നു: ജോയ് മാത്യു
dot image
To advertise here,contact us
dot image