പൊറോട്ടയെന്താ രണ്ടാം തരമാണോ?; സർക്കാർ നിലപാടിനെതിരെ ഹൈക്കോടതിയിൽ ഹർജി, ഒടുവിൽ വിജയം

ബ്രഡ്ഡിനും ചപ്പാത്തിയ്ക്കും സമാനമാണ് പൊറോട്ടയെന്ന് ഹൈക്കോടതി. ഇവയെല്ലാം ധാന്യപ്പൊടിയില് ആണ് ഉണ്ടാക്കുന്നതെന്നും പ്രത്യേക അവകാശം ചപ്പാത്തിയ്ക്കും റൊട്ടിയ്ക്കുമുള്ളതല്ലെന്നും കോടതി.

dot image

കൊച്ചി: പായ്ക്കറ്റുകളില് ലഭിക്കുന്ന പാതിവേവിച്ച പൊറോട്ടയ്ക്ക് അഞ്ചുശതമാനം ജിഎസ്ടി മാത്രമേ ഈടാക്കാവൂ എന്ന് ഹൈക്കോടതി. പായ്ക്കറ്റ് പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ചുമത്തിയ ഉത്തരവ് റദ്ദാക്കി ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

സെന്ട്രല് സ്റ്റേറ്റ് ഗുഡ്സ് ആന്ഡ് സര്വീസസ് ആക്ട് പ്രകാരം പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാനായിരുന്നു സര്ക്കാരിന്റെ നീക്കം. ജിഎസ്ടി തര്ക്കങ്ങള് പരിഗണിക്കുന്ന അപ്പലേറ്റ് അതോറിറ്റിയും സര്ക്കാരിന്റെ നിലപാട് ശരിവച്ചിരുന്നു. ഇതിനെതിരെ മോഡേണ് ഫുഡ് എന്റര്പ്രൈസസ് ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.

മോഡേണ് ഫുഡ് എന്റര്പ്രൈസസ് ഉത്പന്നമായ ‘ക്ലാസിക് മലബാർ പൊറോട്ട’, ‘ഹോൾ വീറ്റ് മലബാർ പൊറോട്ടോ’ എന്നിവയ്ക്ക് സെൻട്രൽ സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ആക്ട് പ്രകാരം 18 ശതമാനം ജിഎസ്ടി ബാധകമാകുമെന്നായിരുന്നു സർക്കാർ നിലപാട്. പൊറോട്ടയുടേതിന് സമാനമായ പായ്ക്കറ്റ് ഫുഡുകളായ ബ്രഡ്ഡിനും ചപ്പാത്തിയ്ക്കും അഞ്ച് ശതമാനമാണ് ജിഎസ്ടി എന്നും ഇത് പൊറോട്ടയ്ക്കും ബാധകമാണെന്നുമായിരുന്നു മോഡേണ് ഫുഡ് എന്റര്പ്രൈസസ് ഹര്ജിയിൽ പറഞ്ഞത്. ഇതേ വിഷയം ചൂണ്ടിക്കാണിച്ച് നേരത്തെ കമ്പനി എ എ ആര് അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചിരുന്നു. എന്നാല് പൊറോട്ടയെ ബ്രഡിന് തുല്യമായി കാണാനാവില്ലെന്നായിരുന്നു അതോറിറ്റിയുടെ നിലപാട്. ബ്രഡ് റെഡി ടു യൂസ് ഭക്ഷ്യവസ്തുവാണെന്നതാണ് ഇതിന് കാരണമായി അതോറിറ്റി ചൂണ്ടിക്കാണിച്ചത്. പായ്ക്കറ്റ് പൊറോട്ട വീണ്ടും പാചകം ചെയ്യണമെന്നും അതിനാല് ഇവയെ തുല്യമായി കാണാന് സാധിക്കില്ലെന്നും കേരളാ അതോറിറ്റി ഫോര് അഡ്വാന്സ് റൂളിങ് ഉത്തരവില് പറഞ്ഞിരുന്നു. പിന്നാലെയാണ് പൊറോട്ടയ്ക്ക് വേണ്ടി പോരാട്ടത്തിന് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

ബ്രഡ്ഡിനും ചപ്പാത്തിയ്ക്കും സമാനമാണ് പൊറോട്ടയെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇവയെല്ലാം ധാന്യപ്പൊടിയില് ആണ് ഉണ്ടാക്കുന്നതെന്നും പ്രത്യേക അവകാശം ചപ്പാത്തിയ്ക്കും റൊട്ടിയ്ക്കുമുള്ളതല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us