തിരുവനന്തപുരം: ആലപ്പുഴയില് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില് മുന്നറിയിപ്പ് നിര്ദേശങ്ങളുമായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ ഓഫീസ്. പൊതുജനങ്ങള് ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങള് ഉള്പ്പെടുത്തിയാണ് നിര്ദേശം. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മറ്റ് ജില്ലകളില് പക്ഷിപ്പനി റിപ്പോര്ട്ട് ചെയ്യാത്തിനാല് നിലവില് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുജനങ്ങള് ജാഗ്രതയോടുകൂടി മൃഗസംരക്ഷണ വകുപ്പിന്റെ നിര്ദേശങ്ങള് പാലിക്കണമെന്നും നിര്ദേശമുണ്ട്.
ആലപ്പുഴ ജില്ലയില് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ആശങ്കപ്പെടേണ്ടതില്ലെന്നും അറിയിപ്പുണ്ട്. രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര് ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവന് പക്ഷികളേയും കൊന്നു മറവു ചെയ്യുന്നതടക്കമുള്ള രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതല് നടപടികളും മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആലപ്പുഴ ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നേതൃത്വത്തില് കണ്ട്രോള് റൂം ആരംഭിച്ചു. ഫോണ് നമ്പര്: 0477-2252636. പക്ഷികളില് ഉണ്ടാകുന്ന അസ്വാഭാവിക മരണം/ അസ്വാഭാവിക ലക്ഷണങ്ങള് എന്നിവ നിരീക്ഷണ വിധേയമാക്കാന് എല്ലാ മൃഗാശുപത്രികളിലെയും വെറ്ററിനറി സര്ന്മാര്ക്ക് നിര്ദേശം നല്കിയതായും മന്ത്രി അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പിന്റെ നിര്ദേശങ്ങള്:
ചത്ത പക്ഷികളെയോ, രോഗം ബാധിച്ചവയെയെയോ, ദേശാടന കിളികളെയോ, ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാല് അതിനു മുന്പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള് ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.
രോഗത്തിന്റെ പ്രഭവ കേന്ദ്രത്തില് നിന്നും ഒരു കിലോമീറ്റര് ചുറ്റളവിലുള്ള രോഗബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോള് കൈയുറയും മാസ്കും നിര്ബന്ധമായും ധരിക്കേണ്ടതാണ്.
കോഴികളുടെ മാംസം (പച്ച മാംസം ) കൈകാര്യം ചെയ്യുന്നതിന് മുന്പും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകള് വൃത്തിയാക്കേണ്ടതാണ്.
നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.
നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാം വിധം പക്ഷികളുടെ/ ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയില് പെട്ടാല് അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനത്തില് അറിയിക്കുക.
പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാല് അടുത്തുള്ള മെഡിക്കല് ഡോക്ടറെ ബന്ധപെടുക .
വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങള് ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്സൈഡ് (Sodium hydroxide) ലായനി, പൊട്ടാസിയം പെര്മാംഗനേറ്റ് (potassium permanganate) ലായനി, കുമ്മായം ( Lime) എന്നിവ ഉപയോഗിക്കാവുന്നതാണ്.
അണു നശീകരണം നടത്തുമ്പോള് സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പു വരുത്തേണ്ടതാണ്.
നിരീക്ഷണ മേഖലയില് (surveillance zone ) പക്ഷികളുടെ / ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയില് പെട്ടാല് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്.
ചെയ്യാന് പാടില്ലാത്ത കാര്യങ്ങള്
ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ, പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.
പകുതി വേവിച്ച (ബുള്സ് ഐ പോലുള്ളവ ) മുട്ടകള് കഴിക്കരുത്.
പകുതി വേവിച്ച മാംസം ഭക്ഷിക്കരുത്.
രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റര് ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വില്ക്കുകയോ അരുത്.