തിരുവനന്തപുരം: എ കെ ആൻ്റണിയെ പ്രശംസിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എ കെ ആൻ്റണിയുടെ സത്യസന്ധതയിൽ സംശയമില്ലെന്നും ആൻ്റണിയേക്കുറിച്ച് നല്ല കാര്യങ്ങളേ പറയാനുള്ളൂവെന്നും രാജ്നാഥ് സിങ് പറഞ്ഞു. അനിലിനെ പിന്തുണയ്ക്കാൻ ആൻ്റണിക്ക് ബുദ്ധിമുട്ട് ഉണ്ടാകും. ആൻ്റണിയുടെ അടിസ്ഥാനപരമായ വികാരം അനിലിന് ഒപ്പമായിരിക്കും. രാജ്യത്തിൻ്റെ മുൻ പ്രതിരോധ മന്ത്രിയെന്ന നിലയിൽ ആൻ്റണിയുടെ നേർക്ക് ഒരു ക്വസ്റ്റ്യൻ മാർക്കുമില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
കോൺഗ്രസിൽ നിന്നും ആൻ്റണിക്ക് സമ്മർദ്ദമുണ്ട്. സമ്മർദ്ദമുള്ളതിനാലാണ് അനിൽ തോൽക്കുമെന്ന് ആൻ്റണി പറഞ്ഞത്. അനിൽ ആൻ്റണിക്ക് മികച്ച ഭാവിയുണ്ട്. വളരെ മികച്ച പ്രവർത്തനമാണ് ബിജെപിയിൽ അനില് കാഴ്ചവയ്ക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് അനിൽ ആൻ്റണി എ കെ ആൻ്റണിയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ആൻ്റണി അഴിമതി കാണിച്ചിട്ടില്ല. മറ്റ് കോൺഗ്രസ് മന്ത്രിമാർ അഴിമതി കാണിച്ചു. 100 പൈസ കൊടുത്താൽ 14 പൈസ മാത്രം ജനങ്ങൾക്ക്, ബാക്കി അഴിമതിക്ക് എന്നായിരുന്നു രാജീവ് ഗാന്ധി പറഞ്ഞത്. മോദി ഇതിന് അന്ത്യം വരുത്തിയത്. 100 പൈസ കൊടുത്താൽ 100 പൈസ തന്നെ കിട്ടുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
രാഹുൽ ഗാന്ധി ഒരിടത്തും വിജയിക്കില്ലെന്നും കഴിഞ്ഞ തവണ പരാജയ ഭീതിയിലാണ് രാഹുൽ കേരളത്തിലേക്ക് വന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. രാഹുൽ എങ്ങും ലോഞ്ചിങും തുടങ്ങിയിട്ടില്ല എങ്ങും എത്തിയിട്ടുമില്ല. കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടകളാണെന്നും രാജ്നാഥ് സിങ്ങ് വ്യക്തമാക്കി.
പത്തൊമ്പതാം നൂറ്റാണ്ടിലെ ചിന്താഗതികളാണ് കോൺഗ്രസിൻ്റേത്. കമ്യൂണിസ്റ്റ് ആശയങ്ങൾ കാലഹരണപ്പെട്ടതാണ്. കേരളത്തിൽ എൻഡിഎ രണ്ടക്കത്തിൽ ഗ്രാൻ്റ് ഓപ്പണിങ് നടത്തുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
'ബിജെപിക്ക് ഇനിയും അയിത്തം കല്പിക്കേണ്ടതില്ല'; മോദിയെ പ്രകീർത്തിച്ച് വരാപ്പുഴ അതിരൂപത മുഖപത്രം