കാസർഗോഡ്: മോദി അധികാരത്തിൽ വന്നാൽ ഇനി ഒരു വോട്ടെടുപ്പ് രാജ്യത്ത് ഉണ്ടാകുമോ എന്നറിയില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഏക മത രാഷ്ട്രം ആക്കാൻ പോകുന്നു എന്ന ആശങ്കയുണ്ട്. അതിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ആണ് കോൺഗ്രസ് ശ്രമമെന്നും ഹസ്സൻ പറഞ്ഞു.
കല്ല്യാശ്ശേരിയിൽ 92 വയസ്സുകാരിയുടെ വോട്ട് സിപിഐഎം നേതാവ് രേഖപ്പെടുത്തിയ സംഭവത്തിലും ഹസ്സൻ പ്രതികരിച്ചു. സിപിഐഎം എല്ലാ കാലത്തും കള്ള വോട്ട് നടത്തുന്നവർ ആണ്. കണ്ണൂർ ജില്ലയിൽ ഇത് സ്വാഭാവികമാണ്. വ്യവസ്ഥകൾ എല്ലാം ലംഘിക്കുകയാണ്. ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ ചായ്വ് ഉണ്ടാകാം. ഇത് ഗൗരവമുള്ള വിഷയമാണ്. ഇലക്ഷൻ കമ്മീഷന് പരാതി കൊടുത്തു.
കേരളത്തിൽ ഉടനീളം ഇത്തരം രീതി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഹസ്സൻ കൂട്ടിച്ചേർത്തു. 'വീട്ടിലെ വോട്ട്' സംവിധാനത്തില് വോട്ട് ചെയ്യുന്നതിനിടെയാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. കല്ല്യാശ്ശേരി സിപിഐഎം മുന് ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ദേവിയെന്ന 92 കാരി വോട്ട് ചെയ്യാന് ശ്രമിക്കുന്നതിടെ ബൂത്ത് ഏജന്റ് കൂടിയായ ഗണേശന് വോട്ട് ചെയ്തുവെന്നാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്കിയത്. കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില് 164-ാം ബൂത്തില് ഏപ്രില് 18 നാണ് സംഭവം നടന്നത്.