'സുഗന്ധഗിരിയിലേത് വനഭൂമി, മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ'; അന്വേഷണ റിപ്പോർട്ട്

മരംമുറി പൂർണമായും അനധികൃതമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്

dot image

കൽപറ്റ: സുഗന്ധഗിരി മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെയെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് റിപ്പോർട്ടര് ടിവിയ്ക്ക്. ഡോ. എൽ ചന്ദ്രശേഖരൻ ഐഎഫ്എസിൻ്റേതാണ് റിപ്പോർട്ട്. ഫോറസ്റ്റ് വിജിലൻസ് ആൻ്റ് ഇൻ്റലിജൻസിൻ്റെ ചുമതലാണ് ചന്ദ്രശേഖരനുള്ളത്. സുഗന്ധഗിരിയിലേത് ഇപ്പോഴും വനഭൂമിയാണെന്നും ആദിവാസികൾക്ക് പതിച്ച് നൽകിയിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മരംമുറി പൂർണമായും അനധികൃതമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഡിഎഫ്ഒ ഷജ്ന അടക്കം 17 ഉദ്യോഗസ്ഥർ കുറ്റക്കാരാണ്. ഫോറസ്റ്റ് വാച്ചറായ ജോൺസൺ 52000 രൂപ കൈക്കൂലി വാങ്ങി.

ജീവനും സ്വത്തിനും ഭീഷണിയെന്ന് പറഞ്ഞ് 20 മരം മുറിക്കാൻ അനുമതി നൽകി. ഇതിൽ തന്നെ വെറും മൂന്ന് മരങ്ങളാണ് ഭീഷണിയായി ഉള്ളത്. 20 മരങ്ങളുടെ മറവിൽ 107 മരങ്ങളാണ് മുറിച്ചുകടത്തിയത്. പരിശോധന നടത്താതെയാണ് മഹസ്സർ രേഖപ്പെടുത്തിയത്. ഓഫീസിലിരുന്നാണ് മഹസ്സർ തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഗുരുദാസൻ എന്നയാൾ കരാർ ലംഘനം നടത്തി. സുഗന്ധഗിരിയിൽ നിന്ന് കോഴിക്കോട്ടേക്കും വരദൂരിലേക്കും വൈത്തിരിയിലേക്കും മരം കൊണ്ടു പോയി. ഉദ്യോഗസ്ഥർ അനധികൃതമായി പാസ്സ് നൽകി.പാസ്സിൽ സർക്കാർ മുദ്ര പതിച്ചില്ല. ഡിഎഫ്ഒ ഷജ്ന ഫീൽഡ് പരിശോധന നടത്തിയില്ലെന്നും റേഞ്ച് ഓഫീസർ നീതു ഗുരുതര കുറ്റം ചെയ്തുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അനധികൃത മരംമുറി കണ്ടെത്തുന്നതിൽ ഇരുവരും പരാജയപ്പെട്ടു. നഷ്ടപ്പെട്ട മരവും വാഹനവും ഇനിയും കണ്ടെത്താനുണ്ട്. ജീവനക്കാരുടെ ഭൂമിയിലും മരംമുറി നടന്നു. കൽപറ്റ സെക്ഷനിലെ എല്ലാ ജീവനക്കാരും വനം സംരക്ഷിക്കുന്നതിൽ പരാജയമാണ്. ഫോറസ്റ്റ് വാച്ചർ ജോൺസൺ മരംമുറിച്ച് ആസൂത്രണം നടത്തി.

സെക്ഷനിലെ ജീവനക്കാർ മൊത്തം ഇതിന് കൂട്ടുനിന്നു. ഫ്ലൈയിംഗ് സ്ക്വാഡ് പൂർണ പരാജയമാണ്. ജോൺസണും കെ കെ ചന്ദ്രനും ഗുരുതര കുറ്റം ചെയ്തു. ഡിഎഫ്ഒ ഷജ്ന കേസ് എടുത്ത ശേഷവും ഗൗരവത്തിലെടുത്തില്ല. ജാഗ്രതയോടെ പ്രവർത്തിച്ചില്ലെന്നും മുറിച്ച കുറ്റികൾ യഥാസമയം കണ്ടെത്താനായില്ലെന്നും ഇതിൽ പറയുന്നു. ഇത് കുറ്റവാളികൾക്ക് തുടർന്നും മരംവെട്ടാൻ അവസരമായി. ഡിഎഫ്ഒയുടെ ഭാഗത്ത് നിന്ന് മേൽനോട്ട വീഴ്ചയുണ്ടായി. ഡിഎഫ്ഒ യോട് വിശദീകരണം ചോദിച്ച് നടപടി എടുക്കണമെന്നും പ്രതിചേർത്ത കൈവശക്കാരെ സാക്ഷികളാക്കണമെന്നും വ്യക്തമാക്കുന്നു. ഫോറസ്റ്റ് വാച്ചർ ജോൺസണെ പ്രതിചേർക്കണം. ജോൺസണെതിരെയും ചന്ദ്രനെതിരെയും വിജിലൻസ് അന്വേഷണം വേണം. മഹസ്സറിലെ ന്യൂനത പരിഹരിച്ച് കേസ് രജിസ്റ്റർ ചെയ്യണം. പാസ്സിൽ ഓൺലൈൻ സംവിധാനം കൊണ്ടുവരണം. പാസ്സ് ഇടയ്ക്കിടെ ഫോറസ്റ്റ് വിജിലൻസ് പരിശോധന നടത്തണം. ഡിഎഫ്ഒ ഷജ്ന, റേഞ്ച് ഓഫീസർ നീതു എന്നിവർക്കെതിരെ അച്ചടക്ക നടപടി വേണമെന്നും നീതുവിനെ സർവീസിൽ നിന്ന് മാറ്റി നിർത്തണമെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us