കണ്ണൂർ: കണ്ണൂരിൽ കള്ളവോട്ട് നടന്നെന്ന പരാതിയിൽ രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. പോളിംഗ് ഓഫീസർ ജോസ്ന ജോസഫ്, ബിഎൽ ഒ കെ ഗീത എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. കണ്ണൂർ മണ്ഡലം അസി. റിട്ടേണിംഗ് ഓഫീസറുടെ പരാതിയിലാണ് പൊലീസ് നടപടി.
കെ കമലാക്ഷി എന്ന വോട്ടർക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്തെന്നാണ് ആക്ഷേപം. കോൺഗ്രസ് അനുഭാവിയായ ബൂത്ത് ലെവൽ ഓഫീസർ കള്ളവോട്ടിന് കൂട്ടുനിന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര് അസംബ്ലി മണ്ഡലം 70ാം നമ്പര് ബൂത്തില് 1420 നമ്പര് വോട്ടറായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് ചെയ്യിക്കാൻ ഇതേ ബൂത്തിലെ 1148 നമ്പര് വോട്ടറായ 83 വയസ്സുള്ള വി കമലാക്ഷിയുടെ വീട്ടിലേക്ക് ഉദ്യോഗസ്ഥരെ ബി എല് ഒ ഗീത കൊണ്ടുപോയെന്നാണ് പരാതി.
ഐപിസി 171 എഫ് വകുപ്പ് പ്രകാരമാണ് പൊലീസ് നടപടി. ക്രമവിരുദ്ധമായി ഉദ്യോഗസ്ഥർ വോട്ടെടുപ്പിൽ ഇടപെടൽ നടത്തിയത് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാൽ ഇവരെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ സസ്പെൻഡ് ചെയ്തിരുന്നു. ചെയ്ത വോട്ടിന്റെ സാധുത സംബന്ധിച്ചും തുടര് നടപടികളെക്കുറിച്ചും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദേശം തേടിയിട്ടുണ്ട്.
കണ്ണൂരില് യുഡിഎഫ് അനുഭാവികളായ ബിഎല്ഒമാരുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന് അസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് സിപിഐഎം നേതാവും മുൻ എംഎൽഎയുമായ ടി വി രാജേഷ് ആരോപിച്ചു. അതിന്റെ വ്യക്തമായ തെളിവാണ് കണ്ണൂര് മണ്ഡലം 70ാം നമ്പര് ബൂത്തില് നടന്നത്. ബി എല് ഒയുടെ നേതൃത്വത്തിലാണ് ഇവിടെ കള്ള വോട്ട് രേഖപ്പെടുത്തിയതെന്നും രാജേഷ് ആരോപിച്ചു.
'നിരവധി ആരോപണം,എന്നിട്ടും ഒരു കേസ് പോലും എടുത്തില്ല'; രാഹുലിന് പിന്നാലെ പിണറായിക്കെതിരെ പ്രിയങ്കയും