വികസനത്തിനായി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച വട്ടവട; ചരിത്രത്തിലിടം നേടിയ ഗ്രാമം

വട്ടവടയിൽ 90% കുടുംബങ്ങളും തമിഴ് വംശജരാണ്

dot image

തൊടുപുഴ: തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ചരിത്രത്തിലിടം നേടിയ ഒരു ഗ്രാമമുണ്ട് നമ്മുടെ കേരളത്തിൽ. ഇടുക്കിയിലെ മൂന്നാറിനടുത്തുള്ള വട്ടവട. 1984-ൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് ഗ്രാമം മുഴുവൻ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു കൊണ്ടാണ് ചരിത്രത്തിന്റെ ഭാഗമായത്. പ്രതിഷേധം വെറുതേയായില്ല. വട്ടവടയുടെ ശക്തമായ പ്രതിഷേധം ഫലം നൽകി. വൈകാതെ തന്നെ വട്ടവടയിൽ റോഡുകളും സ്കൂളുകളുമെത്തി. അങ്ങനെ, വട്ടവട മൂന്നാറിലെ ഒരു വിനോദസഞ്ചാര കേന്ദ്രമായി രൂപാന്തരപ്പെട്ടു.

വട്ടവടയിൽ 90% കുടുംബങ്ങളും തമിഴ് വംശജരാണ്. ഗാന്ധിദാസൻ (ജനതാ പാർട്ടി), രാജ് മന്നാടിയാർ (കോൺഗ്രസ്), മുരുകയ്യ (സിപിഐഎം), എൻ കെ സുബ്രഹ്മണ്യൻ (സിപിഐ) എന്നിവരുടെ പിന്തുണയോടെ കൊട്ടക്കമ്പൂർ, കോവിലൂർ, വട്ടവട ഗ്രാമത്തലവന്മാരുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് ബഹിഷ്കരണ സമരം നടന്നത്. വട്ടവടയിൽ സൗകര്യങ്ങളില്ലാത്തതാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയെന്ന തീരുമാനത്തിലെത്തിച്ചതെന്ന് ഗാന്ധിദാസൻ്റെ മകൻ മോഹൻദാസ് പറയുന്നു. വട്ടവട പഞ്ചായത്തിൽ നിന്ന് മൂന്ന് വോട്ടുകൾ മാത്രമാണ് രേഖപ്പെടുത്തിയത്. പ്രതിഷേധത്തെ പരാജയപ്പെടുത്താൻ ശ്രമമുണ്ടായെങ്കിലും എല്ലവരും ഒറ്റക്കെട്ടായി നിന്നുവെന്നും മോഹൻദാസ് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഗാന്ധി ദാസൻ തൻ്റെ മക്കൾക്ക് മോഹൻദാസ് കരംചന്ദ് ഗാന്ധി, കസ്തൂർബാ ഗാന്ധി എന്നിങ്ങനെയായിരുന്നു പേരിട്ടതെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

'കണ്ണൻ ദേവൻ കുന്നുകൾ' എന്ന പുസ്തകത്തിൽ എഴുത്തുകാരനും പത്രപ്രവർത്തകനുമായ എം ജെ ബാബു തിരഞ്ഞെടുപ്പ് ബഹിഷ്കരണവും അതിൻ്റെ അനന്തരഫലങ്ങളും വ്യക്തമാക്കുന്നു. പ്രതിഷേധത്തിനുശേഷം സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയുണ്ടായതും ഇത് ദേശീയ ശ്രദ്ധ നേടുകയും രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ആത്മപരിശോധനയ്ക്ക് ഇടയാക്കുകയും ചെയ്തതായും പുസ്തകം പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us