തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് മാര്ച്ച് 16 മുതല് ഏപ്രില് 20 വരെ ആകെ ലഭിച്ചത് 2,09661 പരാതികൾ. ഇതിൽ 2,06152 പരാതികളില് നടപടി എടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര് സഞ്ജയ് കൗള് അറിയിച്ചു. പരാതികള് അറിയിക്കാന് തിരഞ്ഞെടുപ്പ് കമ്മീഷന് സജ്ജമാക്കിയ 'സി വിജില്' മൊബൈല് ആപ്പ് വഴി ലഭിച്ച പരാതികളിലാണ് നടപടി. 426 പരാതികളില് നടപടി പുരോഗമിക്കുകയാണ്.
അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്, സ്ഥാപിച്ച ബാനറുകള്, ബോര്ഡുകള്, ചുവരെഴുത്തുകള്, വസ്തുവകകള് വികൃതമാക്കല്, അനധികൃത പണം കൈമാറ്റം, മദ്യവിതരണം, സമ്മാനങ്ങള് നല്കല്, ആയുധം പ്രദര്ശിപ്പിക്കല്, വിദ്വേഷപ്രസംഗങ്ങള് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ആപ്പ് വഴി കൂടുതലായി ലഭിച്ചത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് തടസ്സമാകും വിധം വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താൻ സാമൂഹിക മാധ്യമങ്ങളിൽ വിപുലമായ നിരീക്ഷണം നടത്തുന്നുണ്ട്. മീഡിയ മോണിറ്ററിംഗ് സെല്ലുകളും പൊലീസും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് പൊലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണസംഘങ്ങൾക്ക് വിവരം നൽകാം.
ലോക്സഭ തിരഞ്ഞെടുപ്പിലെ ആള്മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി പോളിങ് ഉദ്യോഗസ്ഥര്ക്കായി ആപ്പ് തയ്യാറാക്കിയെന്നും സഞ്ജയ് കൗള് അറിയിച്ചു. 'എ എസ് ഡി മോണിട്ടര് സിഇഒ കേരള' എന്ന ആപ്പാണ് എന്ഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്. ആപ്പ് വഴി ഒരു വോട്ടര് ഒന്നിലധികം വോട്ട് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാന് കഴിയും. ഗൂഗിള് പ്ലേ സ്റ്റോറില് നിന്ന് ഡൗണ്ലോഡ് ചെയ്യാവുന്ന ഈ ആപ്പ് പ്രിസൈഡിങ് ഓഫീസര്, ആദ്യ പോളിങ് ഓഫീസര് എന്നിവര്ക്ക് മാത്രമാണ് ഉപയോഗിക്കാന് കഴിയുക. വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ മാത്രമാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില് ഉപയോഗിച്ചപ്പോള് ഫലപ്രദമെന്നു കണ്ടാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഈ ആപ്പ് ഉപയോഗിക്കാൻ തീരുമാനിച്ചത്.
നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെത്തി, കൊല്ലപ്പെട്ട അബ്ദുമഹ്ദിയുടെ കുടുംബത്തെ കാണും