കോട്ടയം: അവതാരകന് മോശം പരാമര്ശം നടത്തി എന്ന് ആരോപിച്ച് കര്ഷകസമിതി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് വേദിവിട്ടിറങ്ങി രാഷ്ട്രീയ നേതാക്കൾ. പത്തനംതിട്ട യുഡിഎഫ് സ്ഥാനാര്ത്ഥി ആന്റോ ആന്റണി എംപി, പി സി ജോർജ്, എല്ഡിഎഫ് എംഎല്എ വാഴൂര് സോമൻ എന്നിവരാണ് പരിപാടി പൂർത്തിയാകുന്നതിന് മുൻപേ വേദി വിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോരുത്തോട്ടില് മലയോര കര്ഷകസമിതി സംഘടിപ്പിച്ച സംവാദ പരിപാടിയില് നിന്നാണ് നേതാക്കൾ ഇറങ്ങിപ്പോയത്.
വന്യജീവി സംഘര്ഷവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നേതാക്കളോട് ചോദിച്ചത്. വിഷയത്തിൽ കേന്ദ്ര സര്ക്കാരും കേരള സര്ക്കാരും ചെയ്ത നടപടികളെ കുറിച്ചായിരുന്നു ചോദ്യം ഉയർന്നത്. ഇതൊരു ചര്ച്ചയാണെന്നറിയില്ലെന്നും ചര്ച്ചയാണെന്നറിഞ്ഞിരുന്നെങ്കില് രേഖകള് കൊണ്ടുവന്നേനെയെന്നുമായിരുന്നു ആൻ്റോ ആൻ്റണിയുടെ പ്രതികരണം.
ആൻ്റോ ആൻ്റണി സംസാരിക്കുന്നതിനിടയിൽ അവതാരകൻ സംസാരിച്ചു. ഇതിൽ പ്രകോപിതനായി ആന്റോ ആൻ്റണി അവതാരകനോട് കയര്ത്തു സംസാരിച്ചു. പിന്നാലെ താനാരാണെന്ന് അവതാരകനോട് ചോദിച്ച്, തന്റെ പണി നോക്കെന്നും പറഞ്ഞ് വേദിയില് നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. വാഴൂര് സോമന് എംഎല്എയും പി സി ജോര്ജും സംസാരിക്കുമ്പോഴാണ് അവതാരകന് ആദ്യം ഇടപെട്ടത്. ആദ്യം ഐ ആം ദ മോഡറേറ്റര് എന്ന് അവതാരകൻ പറഞ്ഞപ്പോൾ വാട്ട് മോഡറേറ്ററെന്ന് പി സി ജോര്ജ് തിരിച്ചുചോദിച്ചു. പിന്നാലെ പി സി ജോർജ് പരിപാടിയില് നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.