യുഡിഎഫിനെ പിന്തുണച്ച മുൻനിലപാട് ഇപ്പോൾ പ്രസക്തമല്ല; എസ്വൈഎസ് നേതാവ് അബ്ദുൽ ഹക്കീം അസ്ഹരി

ഓരോ തിരഞ്ഞെടുപ്പിലും അതത് സമയത്താണ് നിലപാട് പ്രഖ്യാപിക്കുന്നതെന്നും മുൻ നിലപാട് പ്രസക്തമല്ലെന്നും എ പി അബ്ദുൽ ഹക്കീം അസ്ഹരി റിപ്പോർട്ടറിനോട് പറഞ്ഞു.

dot image

തിരുവനന്തപുരം: യുഡിഎഫിനെ പിന്തുണച്ച മുൻ നിലപാട് ഇപ്പോൾ പ്രസക്തമല്ലെന്ന് കാന്തപുരം വിഭാഗം. ഓരോ തിരഞ്ഞെടുപ്പിലും അതത് സമയത്താണ് നിലപാട് പ്രഖ്യാപിക്കുന്നതെന്നും മുൻ നിലപാട് പ്രസക്തമല്ലെന്നും എ പി അബ്ദുൽ ഹക്കീം അസ്ഹരി റിപ്പോർട്ടറിനോട് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച്, സംഘടനയുടെ നിർദേശം അണികൾക്ക് നൽകി കഴിഞ്ഞു. നിലപാട് പരസ്യമായി പറയുന്ന രീതി ഇല്ല. സംസ്ഥാനത്ത് ആകെയും ചില മണ്ഡലങ്ങളിൽ പ്രത്യേകമായും നിർദേശങ്ങൾ ഉണ്ടാകാമെന്നും അബ്ദുൽ ഹക്കീം അസ്ഹരി കൂട്ടിച്ചേർത്തു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മകനും എസ്വൈഎസ് ജനറൽ സെക്രട്ടറിയുമാണ് അബ്ദുൽ ഹക്കീം അസ്ഹരി.

സമസ്ത ഒരുകാലത്തും ഏതെങ്കിലും ഒരു കക്ഷിയുടെ ഭാഗമായി നില്ക്കുകയോ ഏതെങ്കിലും കക്ഷിക്കു വേണ്ടി വോട്ട് ചെയ്യണമെന്ന് പരസ്യമായി അഭ്യര്ത്ഥിക്കുകയോ ചെയ്യാറില്ല. പക്ഷേ, സമസ്തയ്ക്ക് അതിന്റെ രാഷ്ട്രീയ നിലപാടുകള് വ്യക്തമാണ്. സംഘടനയുടെ നിര്ദ്ദേശം അനുസരിച്ചാണ് പ്രവര്ത്തകര് വോട്ട് ചെയ്യുന്നത്. അത് പരസ്യമായി പ്രഖ്യാപിക്കാറില്ല. കോൺഗ്രസിന് അനുകൂലം എന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന പഴയ വിഡിയോകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു.

രാജ്യം പലതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്നങ്ങളുണ്ട്, തീവ്രവാദവും വർഗീയ വാദവും പോലുള്ള സാമൂഹിക പ്രശ്നങ്ങളുണ്ട്. ഭാരതത്തിന്റെ മഹത്തായ ഭരണഘടനയെ സംരക്ഷിക്കുന്ന, ജനാധിപത്യ മതനിരപേക്ഷ ചിന്തകളുള്ള ആളുകളാണ് ഭരണത്തിൽ വരേണ്ടത് എന്നത് രാജ്യത്തിന്റെ ആവശ്യമാണ്. ആതുതന്നെയാണ് തങ്ങളുടെയും നിലപാടെന്ന് എ പി അബ്ദുൽ ഹക്കീം അസ്ഹരി വ്യക്തമാക്കി. അറിവും കഴിവുമുള്ള ദേശീയവും അന്തർദേശീയവുമായ കാഴ്ചപാടുകളുള്ള, അതിനുവേണ്ടി നിലകൊള്ളാൻ കഴിയുന്ന ആളുകളെയാണ് പാർലമെന്റും ഇന്ത്യയിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്വേഷ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് തോല്പ്പിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരും നേരത്തെ പറഞ്ഞിരുന്നു. മതത്തിന്റെ പേരില് മനുഷ്യര്ക്കിടയില് കലഹം സൃഷ്ടിക്കുന്നവരെ സ്നേഹം കൊണ്ട് തോല്പ്പിക്കണമെന്നായിരുന്നു കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ പ്രതികരണം.

എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി മലപ്പുറം എടപ്പാളില് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കാന്തപുരം നിലപാട് പറഞ്ഞത്. സൂഫീ പണ്ഡിതരുടെ ജീവിത സംസ്കാരവും പ്രബോധന മാതൃകകളും ആഴത്തില് പഠിച്ച് പകര്ത്തുകയാണ് വിശ്വാസികള് ചെയ്യേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളെ വളര്ച്ചയുടെ ഊര്ജമായി ഉപയോഗിച്ച അതിജീവനത്തിന്റെ ചരിത്രമാണ് ഇസ്ലാമിന്റേത്. ഇസ്ലാമിനെതിരെ നിരന്തരം ഉല്പാദിപ്പിക്കപ്പെടുന്ന വെറുപ്പിനെ സ്നേഹം കൊണ്ടും സൗഹൃദം കൊണ്ടും തോല്പ്പിച്ചതാണ് ചരിത്രമെന്നും കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് പറഞ്ഞിരുന്നു.

കേരളത്തിനെതിരെ സംസാരിക്കുമ്പോൾ മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരം; പിണറായി വിജയൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us