പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥന്റെ പിന്തുണ ഇടതുപക്ഷത്തിന്. പെരിങ്ങോട്ടുകുറിശ്ശിയിൽ നടത്തിയ രാഷ്ട്രീയ പൊതുയോഗത്തിലായിരുന്നു നിലപാട് പ്രഖ്യാപനം. ആലത്തൂർ മണ്ഡലത്തിലെ പെരിങ്ങോട്ടുകുറുശ്ശിയിലെ വോട്ടുകളിൽ ഏറെ സ്വാധീനമുള്ള നേതാവാണ് മുൻ കോൺഗ്രസ് എംഎൽഎയായ എ വി ഗോപിനാഥ്. കോൺഗ്രസിനകത്തെ വിഭാഗീയതയെ തുടർന്നാണ് എ വി ഗോപിനാഥ് മുമ്പ് കോൺഗ്രസ് വിട്ടത്.
പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളും എ വി ഗോപിനാഥൻ്റെ നിലപാടിനൊപ്പം ആണെന്നും പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി കോൺഗ്രസാണ് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. ആലത്തൂർ ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ, ഗോപിനാഥനെ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു. വാർഡ് തലത്തിൽ ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാണ് ഗോപിനാഥിന്റെ നിലപാട് പ്രഖ്യാപനം.
എ കെ ബാലൻ മന്ത്രിയായപ്പോൾ പെരിങ്ങോട്ടുകുറിശിയെ ചേർത്തുപിടിച്ചുവെന്ന് എ വി ഗോപിനാഥ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പെരിങ്ങോട്ടുകുറിശിയിലെ വികസനങ്ങൾ യാഥാർത്ഥ്യമാക്കി. 2021ൽ പാർട്ടി വിട്ട തന്നെ 2024 ൽ കോൺഗ്രസ് പുറത്താക്കിയെന്ന് പരിഹസിച്ച് വി ഗോപിനാഥ് കോൺഗ്രസുകാർക്ക് മാനസിക രോഗമാണെന്നും ആരോപിച്ചു. പെരിങ്ങോട്ടുകുറിശിയുടെ മനസ് കെ രാധാകൃഷ്ണനൊപ്പമാണ്. ആലത്തൂർ എംപിക്ക് 25 കോടി കിട്ടിയിട്ടും ഒരു ലക്ഷം പോലും പെരിങ്ങോട്ടുകുറിശിക്ക് കിട്ടിയില്ല. പെരിങ്ങോട്ടുകുറിശ്ശിക്ക് വികസനം നൽകുന്നത് പിണറായി വിജയനാണ്. അദ്ദേഹത്തോട് പെരിങ്ങോട്ടുകുറിശ്ശിക്ക് നെറികേട് കാണിക്കാൻ സാധിക്കില്ല.
കോൺഗ്രസിനെ 60 വർഷത്തോളം സ്നേഹിച്ചു. പക്ഷേ ആ പാർട്ടി തന്നെ ഒരുപാട് വേട്ടയാടി. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിക്കും പെരിങ്ങോട്ടുക്കുറിശ്ശിൽ കെട്ടിവെച്ച കാശ് കിട്ടില്ല. രാധാകൃഷ്ണൻ്റെ ജയം പെരിങ്ങോട്ടുകുറിശിയുടെ ജയമായിരിക്കും. ഈ തെരഞ്ഞെടുപ്പിൽ പെരിങ്ങോട്ടുക്കുറിശ്ശി അരിവാൾ ചുറ്റികയ്ക്ക് വോട്ട് ചെയ്യും. ഈ പ്രഖ്യാപനത്തിൻ്റെ അലയൊലി പാലക്കാട് മുഴുവൻ ആഞ്ഞുവീശുമെന്നും എ വി ഗോപിനാഥ് പറഞ്ഞു. ഗോപിനാഥിൻ്റെ പിന്തുണയ്ക്ക് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ നന്ദി അറിയിച്ചു. പെരിങ്ങോട്ട്കുറിശിയുടെ വികസനത്തിന് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.