കൊച്ചി: വലിയ കഠിനാധ്വാനത്തിലാണ് തന്റെ വീട്ടില് മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടിയതെന്ന് സംവിധായകന് ജോഷി. സിനിമയില് കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന് നേരിട്ടുകണ്ട തനിക്ക് ബോധ്യപ്പെട്ടുവെന്നും ജോഷി പ്രതികരിച്ചു. ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില് മോഷണം നടത്തിയ പ്രതിയെ കര്ണാടകയിലെ ഉഡുപ്പിയില് നിന്നാണ് പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ചയായിരുന്നു ജോഷിയുടെ വീട്ടില് മോഷണം നടന്നത്. മോഷണവിവരം അറിഞ്ഞ ഉടനെ പൊലീസ് കണ്ട്രോള് റൂം നമ്പറായ 100ലാണ് വിളിച്ചതെന്ന് അദ്ദേഹം പറയുന്നു. സംവിധായകന് ജോഷിയാണെന്ന് പറയാതെയാണ് വിളിച്ചത്. പനമ്പിള്ളിനഗറിലെ വീട്ടില് മോഷണം നടത്തിയെന്ന് അറിയിച്ചപ്പോള് പനമ്പിള്ളിനഗര് എവിടെയാണ് പുത്തന്കുരിശിലാണോ എന്നായിരുന്നു ചോദ്യം. ഇത് തന്നെ തീര്ത്തും നിരാശപ്പെടുത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷനില് വിവരം അറിയിക്കാന് പറഞ്ഞ് സൗത്ത് പൊലീസ് സ്റ്റേഷന്റെ നമ്പര് നല്കി. എന്നാല് ആ നമ്പറില് വിളിക്കാതെ നിര്മ്മാതാവ് ആന്റോ ജോസഫിനെ വിളിച്ച് കാര്യങ്ങള് പറഞ്ഞുവെന്നും ജോഷി പറയുന്നു.
സിറ്റി പൊലീസിന്റെ ദ്രുതചലനങ്ങളായിരുന്നു പിന്നീട് കണ്ടത്. എസിപി പി രാജ്കുമാറിനായിരുന്നു ഏകോപന ചുമതല. കമ്മീഷണര്, ഡിസിപി, എസിപിമാര് തുടങ്ങിയവരും സ്ഥലത്തെത്തി. വലിയ പരിശ്രമത്തിനൊടുവില് പ്രതി കുടുങ്ങി. തന്റെ വീട്ടില് മോഷണം നടന്നു, പ്രതിയെ പൊലീസ് കണ്ടെത്തി എന്നതിലല്ല കാര്യം. സമൂഹത്തിനും, മുഴുവന് പൊലീസ് സേനയ്ക്കും മാതൃകയാകുന്ന രീതിയിലായിരുന്നു അന്വേഷണം എന്നതിലാണ് കാര്യമെന്നും ജോഷി പ്രതികരിച്ചു.
വെള്ളിയാഴ്ചയായിരുന്നു ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടില് വന് കവര്ച്ച നടന്നത്. വീടിന്റെ മുകള് നിലയിലെ അലമാര കുത്തിത്തുറന്നായിരുന്നു മോഷണം. പ്രതി ഇര്ഷാദ് മുന്പും കേരളത്തില് കവര്ച്ച നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കവടിയാറിലെ ജ്വല്ലറി ഉടമയുടെ വീട്ടില് കയറി ആഭരണങ്ങള് മോഷ്ടിച്ച കേസിലും ഇര്ഷാദ് പ്രതിയാണ്. നേരത്തെ ഇര്ഷാദ് ഗോവയില് നിന്ന് അറസ്റ്റിലായിരുന്നുവെങ്കിലും ഗോവന് പൊലീസ് പ്രതിയെ കൈമാറിയിരുന്നില്ല. ഗോവയിലെ കേസില് ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു കൊച്ചിയിലെ വന് കവര്ച്ച.
ജോഷിയുടെ സിനിമയെ വെല്ലും മോഷണം, ഇർഷാദ് അറിയപ്പെടുന്നത് 'റോബിൻ ഹുഡ്' എന്ന്; 10 സംസ്ഥാനങ്ങളിൽ കേസ്